പല്ലാവൂര്‍ താളവാദ്യ മഹോത്സവം തുടങ്ങി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേനടയില്‍ എട്ടുവരെ നടക്കുന്ന പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന് തുടക്കമായി. കേരള സംഗീത നാടക അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്തു. കാഷ് അവാര്‍ഡും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്ന പദ്മജ്യോതി പുരസ്കാരങ്ങള്‍ ഭരതനാട്യ നര്‍ത്തകി കലൈമാമണി പ്രിയദര്‍ശിനി ഗോവിന്ദിനും മൃദംഗവിദ്വാന്‍ നെല്ലായ് ഡി. കണ്ണനും മട്ടന്നൂര്‍ സമ്മാനിച്ചു. തൃപ്പേക്കുളം പുരസ്കാരം വലംതല പ്രമാണി പിണ്ടിയത്ത് ചന്ദ്രന് നായര്‍ക്കും പല്ലാവൂര്‍ ഗുരുസ്മൃതി പുരസ്കാരം പഞ്ചവാദ്യ പ്രാമാണികന്‍ പരയ്ക്കാട് തങ്കപ്പന് മാരാര്‍ക്കും പ്രവാസി വ്യവസായി ടി. വേണുഗോപാല്‍ മേനോനും ഗുരുദക്ഷിണ പുരസ്കാരങ്ങള്‍ ഇടയ്ക്കവിദ്വാന്‍ കുഴൂര്‍ വിജയന് മാരാര്‍, തിമില കലാകാരന് കാവശ്ശേരി കുട്ടികൃഷ്ണ പിഷാരടി എന്നിവര്‍ക്ക് യുഎസ്എ ഡെട്രായൂട്ട് കലാക്ഷേത്ര ഡയറക്ടര്‍ രാജേഷ് നായരും സമ്മാനിച്ചു. ദേവസ്വം ചെയര്മാന് സി.കെ. ഗോപി അധ്യക്ഷനായി. കലാമണ്ഡലം മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. കലാധരന്‍ പല്ലാവൂര്‍ തൃപ്പേക്കുളം അനുസ്മരണ പ്രഭാഷണം നടത്തി. ദേവസ്വം ഭരണസമിതി അംഗം കെ. അജയകുമാര്‍, കലാമണ്ഡലം ശിവദാസന്‍, കണ്ണമ്പിള്ളി ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സദനം ഭരതരാജന്, കലാമണ്ഡലം വൈശാഖ്, കലാമണ്ഡലം ശ്രീജിത്ത് എന്നിവരുടെ മദ്ദളകേളി അരങ്ങേറി.