ഇരിങ്ങാലക്കുടയില് വ്യാപക കൃഷി നാശം; കേരളകര്ഷക സംഘം നേതാക്കള് സന്ദര്ശനം നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഏരിയായില് ചെമ്മണ്ട പുളിയംപാടം പാടശേഖരം, കാട്ടൂര് തെക്കും പാടം, തെക്കും പാടം എടതിരിഞ്ഞി മേഖല, പടിയൂര് ദേവസ്വം കോള്, തെക്കോര്ത്ത് കോള്, മുരിയാട് കായല് പാടശേഖരം. തൊമ്മന ചെങ്ങാറ്റുമുറി എലശേരി ചെമ്മീന് ചാല് പാടശേഖരം, ആനന്ദപുരം വില്ലേരി പാടംകരിമ്പാടം ചേപ്പാടം പാടശേഖരം, പൂമംഗലം പടിയൂര് കോള് പാടശേഖരം, എടതിരിഞ്ഞി പോത്താനി കിഴക്കേപാടം, മാടായിക്കോണം വലിയ കോള് പടവ്, കടങ്ങാട് പാടശേഖരം, ചിത്ര വള്ളി പാടശേഖരം, യൂണിയന് കോള് പടവ് പാടശേഖരം, പൊതുമ്പുചിറ പൊറം ചിറ പാടശേഖരം, എടശേരി പാടം തുടങ്ങിയ പാടശേഖരങ്ങളിലെ നാശനഷ്ടങ്ങള്ക്ക് ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടും, പുനര് കൃഷി ചെയ്യുന്നതിന് ആവശ്യമായ വിത്ത്, വളം, പമ്പ് സെറ്റ് അനുബന്ധ സഹായങ്ങള് ഉടന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും കേരള കര്ഷക സംഘം പ്രതിനിധിസംഘം കൃഷിസ്ഥലങ്ങള് സന്ദര്ശിച്ചു. കര്ഷക സംഘം തൃശൂര് ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന്, ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്, ഏരിയാ ട്രഷറര് കെ.ജെ. ജോണ്സണ്, ഏരിയാ ജോയിന്റ് സെക്രട്ടറി എം. നിഷാദ്, കാട്ടൂര് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില് മാലാന്ത്ര, ചെമ്മണ്ട കായല് കടും കൃഷി സംഘം പ്രസിഡന്റ് കെ.കെ. ഷൈജു തുടങ്ങിയവര് നേതൃത്വം നല്കി.
ബണ്ടിന്റെ ഉയരം കൂട്ടിയില്ല;വിതച്ച പാടശേഖരം വെള്ളത്തില്
എടക്കുളം: ബണ്ടിന്റെ ഉയരം കൂട്ടാന് അധികൃതര് കനിയാതിരുന്നതിനാല് കഴിഞ്ഞ ദിവസം പെയ്ത മഴയില് പടിയൂര് പൂമംഗലം കോള്പ്പടവിലെ മുപ്പത്തഞ്ചോളം ഏക്കര് വെള്ളത്തിലായി. എടക്കുളം പടിഞ്ഞാറേ പാടശേഖരസംഘം ട്രില്ലര് അടിച്ച് ഇത്തിള് ചിന്നി തയ്യാറാക്കിയ നിലങ്ങളാണ് അവുണ്ടറചാലിന്റെ ബണ്ടിന്റെ ബലഹീനത കാരണം വെള്ളത്തിലായതെന്ന് കര്ഷകര് കുറ്റപ്പെടുത്തി. പായമ്മല് പുളിക്കല്ച്ചിറ പാലം പണിയുന്നതിനാല് അവിടെ വെള്ളം ഒഴുകിപ്പോകാന് സ്ഥാപിച്ച പൈപ്പുകളുടെ വ്യാസവും എണ്ണക്കുറവും തോടുകളില് പുല്ലും കാടും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടതും കാരണമായി. മഴയൊഴിഞ്ഞിട്ടും വെള്ളത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. ഇതുവരെ 800 കിലോ വിത്ത് പാകിയതും വെള്ളത്തിലായി. മുന്വര്ഷങ്ങളിലെല്ലാം ബണ്ടിന്റെ ഉയരം കൂട്ടാന് പഞ്ചായത്തിനെയും കൃഷിഭവനെയും രേഖാമൂലം അറിയിച്ിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. 2021 വരെ 24 വര്ഷം തരിശായി കാടുപിടിച്ചുകിടന്നിരുന്ന നിലങ്ങളാണ് കര്ഷകരും ഉടമകളും ചേര്ന്ന് സംഘം രൂപവത്കരിച്ച് പണിയാന് ആരംഭിച്ചത്. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ഭാഗത്തുനിന്ന് ബണ്ടിന്റെ കാര്യത്തില് തീരുമാനമുണ്ടായില്ലെങ്കില് കൃഷിനിലങ്ങള് തരിശായി ഇടുമെന്ന് കര്ഷകസംഘം മുന്നറിയിപ്പ് നല്കി.