എടത്തിരിഞ്ഞി കോള്‍പ്പാടത്തേക്ക് വെള്ളം ഒഴുക്കുന്നത് പതിവ്, പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ സമരവുമായി കര്‍ഷകര്‍
ഇരിങ്ങാലക്കുട: പൊത്താനിപ്പാടത്തെ വെള്ളം എടത്തിരിഞ്ഞി കോള്‍പ്പാടത്തേക്ക് ഒഴുക്കിവിടുന്നതിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍. പോത്താനിപ്പാടത്തെ വെള്ളം പമ്പുകള്‍ ഉപയോഗിച്ച് അടിച്ച് വറ്റിച്ച് പാകപ്പെടുത്തി എടതിരിഞ്ഞി പാടനിലങ്ങളിലേക്ക് തുറന്നുവിടുന്നത് മൂലം എടതിരിഞ്ഞി കോള്‍പ്പാടത്തെ കൃഷി നശിച്ചുപോവുകയാണ്. വര്‍ഷങ്ങളായി ഈ പ്രവൃത്തി തുടര്‍ന്നുകൊണ്ടിരിക്കയാണ്. മൂന്നുവര്‍ഷം മുമ്പും 80 ഏക്കറോളം വരുന്ന കൊയ്യാറായ നെല്‍പ്പാടത്തേക്ക് പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പോത്താനിപ്പാടത്ത് നിന്നും കമ്മടിത്തോട് വഴി വെള്ളം തുറന്ന് വിട്ട് 80 ഏക്കര്‍ നെല്‍ക്കൃഷി പൂര്‍ണമായും നശിച്ചിരുന്നു.
അന്ന് സര്‍ക്കാരില്‍ നിന്നും വളരെ തുച്ഛമായ നഷ്ടപരിഹാരമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. പഞ്ചായത്തിന്റെയും കൃഷി ഓഫീസിന്റെയും നിരുത്തരവാദിത്വപരമായ നടപടിക്കെതിരെ എടതിരിഞ്ഞി കോള്‍പ്പാടം ഫാമിംഗ് സൊസൈറ്റിയിലെ കര്‍ഷകര്‍ പടിയൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. പഞ്ചായത്തിനും കൃഷിവകുപ്പിനും കളക്ടര്‍ക്കും എംഎല്‍എയ്ക്കും നിരവധി പരാതികള്‍ കൊടുത്തെങ്കിലും നാളിതുവരെ യാതൊരു നടപടികളും സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ സൂചനാസമരം നടത്തിയത്. പാടശേഖരം സെക്രട്ടറി വിജയന് തേവര്‍ക്കാട്ടില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ധീരജ് മോഹന്‍ അധ്യക്ഷനായി. കെ.എസ്. രാധാകൃഷ്ണന്, പി. മധുസൂദനന്, തിലകന്, ടി.കെ. വിജയന്, മുരളി മാരാത്ത് എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ ആഴ്ചയിലും കൃഷി നശിച്ചു
കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തില്‍ കമ്മടിത്തോട് തുറന്നതിനാല്‍ വെള്ളം എടതിരിഞ്ഞി പാടത്തേക്ക് എത്തി പൊതുവത്ത് മധുസൂദനന്, പാടത്തുനാട്ടില് ചന്ദ്രശേഖരന് എന്നിവരുടെ നെല്‍ക്കൃഷി പൂര്‍ണമായും മറ്റുള്ള കര്‍ഷകരുടെ കൃഷി ഭാഗികമായും നശിച്ചു. നാല് വര്‍ഷമായി ഈ വിഷയത്തില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും 200ല്‍ പരം കര്‍ഷകരെ പൂര്‍ണമായും ഒഴിവാക്കുന്ന സ്ഥിതി തുടരുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ തുടര്‍ സമരങ്ങള്‍ നടത്താനാണ് കര്‍ഷകരുടെ തീരുമാനം.