കൂടല്‍മാണിക്യത്തിലെ കാരായ്മ അവകാശം സംരക്ഷിക്കണം: വാര്യര്‍ സമാജം

കൂടല്‍മാണിക്യം ക്ഷേത്രം കാരായ്മ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമസത കേരള വാര്യര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിനു മുന്നില്‍ നടന്ന പ്രതിഷേധ സംഗമം സമസ്ത കേരള വാര്യര്‍ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി. മുരളീധര വാര്യര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രം കാരായ്മ അവകാശം നിര്‍ത്തി മറ്റൊരു വ്യക്തിക്ക് നല്‍കിയത് ദേവസ്വം ബോര്‍ഡിന്റെ കെടുകാര്യ സ്ഥിതിയാണ് സൂചിപ്പിക്കുന്നത്. ഇതിനെതിരെ സമസ്ത കേരള വാര്യര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിനു മുന്നില്‍ നടന്ന പ്രതിഷേധ സംഗമം സമസ്ത കേരള വാര്യര്‍ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി. മുരളീധര വാര്യര്‍ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രത്തിലെ കാരായ്മ കഴകം പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. കാരായ്മ കഴകം നടത്താന്‍ റിക്രൂട്ട്മെന്റ് ബോര്‍ഡിന് അവകാശമില്ല കൂടാതെ പിന്‍വാതിലിലൂടെ വ്യവസ്ഥ ചെയ്യേണ്ടതല്ലതെന്നും, ഇതിനെതിരെ ശക്തമായി കേരളത്തിലങ്ങോളം പ്രതിഷേധം സംഘടിപ്പിക്കും. സമാജം ദക്ഷിണ മേഖല സെക്രട്ടറി കെ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറര്‍ വി.വി. ഗിരീശന്, സംസ്ഥാന സെക്രട്ടറി എ.സി. സുരേഷ്, ക്ഷേത്രം തന്ത്രി പ്രതിനിധികളായ നെടുമ്പിള്ളി ഗോവിന്ദന് നമ്പൂതിരി, തരണനെല്ലൂര്‍ നാരായണന് നമ്പൂതിരി, സമാജം ജില്ല പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണവാരിയര്‍, മണക്കാട് പരമേശ്വരന് നമ്പൂതിരി, സി.ജി. മോഹന പിഷാരടി, കെ.ആര്. മോഹനന്, കെ.വി. രാധാകൃഷ്ണന്, ടി. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
കഴകം ജോലി; ജീവനക്കാരനോട് വിശദീകരണം തേടും: ദേവസ്വം ചെയര്മാന്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയില്‍ നിന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റി നിയമിക്കണം എന്ന് ആവശ്യപ്പെടാനുള്ള കാരണവും സാഹചര്യവും എന്താണെന്ന് ചോദിച്ചുകൊണ്ട് ജീവനക്കാരന് ബി.എ. ബാലുവിനോട് വിശദീകരണം തേടാന്‍ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചതായി ദേവസ്വം ചെയര്മാന് സി.കെ. ഗോപി പറഞ്ഞു.
ബാലു നേരത്തെ അവധി എടുത്തതിന്റെ കാലാവധി പൂര്‍ത്തിയായതിനു പിന്നാലെ വീണ്ടും അവധി ആവശ്യപ്പെട്ട് നല്കിയ കത്ത് ഓഫീസ് നിര്‍വഹണത്തിന്റെ ഭാഗമായി പരിഗണിക്കും. ജാതി വിവേചനം നേരിട്ടതായി ബാലുവിന്റെ ഭാഗത്തു നിന്ന് ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു. സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കുക എന്നതാണ് ദേവസ്വത്തിന്റെ ചുമതല അത് കൂടല്‍മാണിക്യം ദേവസ്വം നിര്‍വഹിക്കുമെന്നും ചെയര്മാന് സി.കെ. ഗോപി പറഞ്ഞു