പടിയൂര്‍ കമ്മട്ടിത്തോട് അടച്ചു കെട്ടി; പോത്താനി കിഴക്കേപ്പാടവും കുട്ടാടന്‍ പാടശേഖരവും മുങ്ങി
പടിയൂര്‍ പഞ്ചായത്തിലെ പോത്താനി പാടശേഖരത്തില്‍ വെള്ളം കയറി നെല്‍ക്കൃഷി മുങ്ങിയ നിലയില്‍.
പോത്താനി പാടശേഖരത്തിലെയും കൊരുമ്പിശേരിയിലെ കുട്ടാടന്‍ പാടശേഖരത്തിലെയും നെല്‍കൃഷിയാണ് വെള്ളത്തിലായത്
എടതിരിഞ്ഞി: പടിയൂര്‍ പഞ്ചായത്തിലെ 3ാം വാര്‍ഡില്‍ കല്ലന്തറയിലെ കമ്മട്ടി തോടിലെ ചീപ്പ് അടച്ചുകെട്ടിയതോടെ കനത്ത മഴയില്‍ 30 ഹെക്ടര്‍ വരുന്ന പോത്താനി പാടശേഖരത്തിലെയും ഇരിങ്ങാലക്കുട നഗരസഭയിലെ കൊരുമ്പിശേരിയിലെ 100 ഏക്കര്‍ വരുന്ന കുട്ടാടന്‍ പാടശേഖരത്തിലെയും നെല്‍കൃഷി വെള്ളത്തിലായി. പഞ്ചായത്തിന്റെ മറുഭാഗത്തുള്ള എടതിരിഞ്ഞി കോള്‍പാടത്ത് വെള്ളം കയറാതിരിക്കാന്‍ ഒരു വിഭാഗം കര്‍ഷകര്‍ ചീപ്പ് അടച്ചുകെട്ടിയതാണ് ഇതിന് കാരണമായതെന്നു പറയുന്നു. കര്‍ഷകര്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പഞ്ചായത്തിന്റെയും പോലീസിന്റെയും ഇടപെടലില്‍ ചീപ്പിലെ ഒരു പലക തുറന്ന് വെള്ളം ഒഴിക്കിവിട്ടു തുടങ്ങി. എന്നാല്‍ വെള്ളക്കെട്ട് ഒഴിവാകാന്‍ ചീപ്പിലെ കൂടുതല്‍ പലക നീക്കണമെന്ന നിലപാടിലാണ് പോത്താനിയിലെ കര്‍ഷകര്‍. വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന കുട്ടാടന്‍ പാടശേഖരത്തില്‍ ഇത്തവണ കര്‍ഷക സമിതി രൂപീകരിച്ച് ആരംഭിച്ച നെല്‍ക്കൃഷിയുടെ ഞാറ് നടീല്‍ കഴിഞ്ഞതിനു തൊട്ടുപിറകെയാണ് പാടശേഖരത്തില്‍ വെള്ളം കയറിയത്.
പോത്താനി കിഴക്കേപാടം നെല്ല് ഉല്പാദക സമൂഹം പോത്താനി പാടത്ത് 20 ഏക്കറില്‍ നട്ട ഞാറും സൂക്ഷിച്ചിരുന്ന ഞാറ്റടിയും വെള്ളം കയറി നശിച്ചു. പോത്താനി, എടതിരിഞ്ഞി പാടശേഖരങ്ങളില്‍ മഴയില്‍ വെള്ളം കയറി കൃഷി നശിക്കുന്നത് ഒഴിവാക്കാന്‍ കൃഷി ആരംഭിക്കുന്ന സമയത്ത് കമ്മട്ടിത്തോട്ടിലെ ചീപ്പ് തുറന്നുവയ്ക്കാനും പോത്താനി പാടത്ത് ജലക്ഷാമം നേരിട്ടാല്‍ ചീപ്പ് അടയ്ക്കാനും അപ്രതീക്ഷിതമായി മഴ പെയ്ത് വെള്ളക്കെട്ട് ഉണ്ടായാല്‍ ചീപ്പ് തുറക്കാനും ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചിരുന്നു. പഞ്ചായത്ത് അധികൃതരുടെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പോത്താനി കിഴക്കേ പാടം നെല്ല് ഉല്പാദക സമൂഹത്തെയും എടതിരിഞ്ഞി ഗ്രൂപ്പ് ഫാമിംഗ് കോള്‍ കര്‍ഷക സംഘത്തെയും ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷമാണ് യോഗം ചേര്‍ന്നത്. എന്നാല്‍ എടതിരിഞ്ഞി കോള്‍പാടത്തെ കര്‍ഷകര്‍ ഈ തീരുമാനം തെറ്റിക്കുകയായിരുന്നു എന്ന് പോത്താനി നെല്ല് ഉല്പാദക സമൂഹം പ്രസിഡന്റ് വി.കെ. മനോഹരന്, സെക്രട്ടറി ജിജി പൈലന്, കുട്ടാടന്‍ പാടശേഖര സമിതി പ്രസിഡന്റ് എ.ആര്. ജോഷി, സെക്രട്ടറി ബിനീഷ് എന്നിവര്‍ ആരോപിച്ചു.
കാരുമാത്രയില്‍ 25 ഏക്കറിലേറെ പാടം വെള്ളത്തിലായി
കോണത്തുകുന്ന്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ കോണത്തുകുന്ന് കാരുമാത്ര പാലക്കാട്ട് പാടശേഖരത്തില്‍ വെള്ളം നിറഞ്ഞു. 25 ഏക്കറിലധികം വരുന്ന നെല്‍കൃഷിയാണ് വെള്ളത്തിലായത്. ഞാറു നട്ട് പത്തുദിവസം ആയിട്ടേയുള്ളൂ. വെള്ളം കയറിയ പാടശേഖരം പഞ്ചായത്ത് പ്രസിഡന്റ് നിഷാ ഷാജി, കൃഷി ഓഫീസര്‍ സീമാ ഡേവിസ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. വീണ്ടും കൃഷിയിറക്കാന്‍ വിത്ത് അനുവദിക്കാമെന്ന് കൃഷി ഓഫീസര്‍ പറഞ്ഞതായി പാടശേഖരസമിതി സെക്രട്ടറി രമേശ് മാടത്തിങ്കല്‍, പ്രസിഡന്റ് മനോഹരന് തേര്‍ക്കയില്‍ എന്നിവര്‍ പറഞ്ഞു.

കാറളം ചെമ്മണ്ടയില്‍ മൂന്ന് സിപിഎം കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
മനസാണ് ശക്തി- ജീവിതമാണ് ലഹരി- പദയാത്ര സംഘടിപ്പിച്ചു
പടിയൂര്‍ പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു
കേന്ദ്രമന്ത്രി ഉദ്ഘാടനംചെയ്ത വോളി കോർട്ടിന് വീണ്ടും ഉദ്ഘാടനം നടത്തി പടിയൂർ പഞ്ചായത്ത്
കാറളം പഞ്ചായത്തില്‍ വെറ്റിനറി ആശുപത്രിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
പടിയൂര്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വോളിബോള്‍ കോര്‍ട്ട് കേന്ദ്ര മന്ത്രി നാടിന് സമര്‍പ്പിച്ചു