മൂര്‍ക്കനാട് നീരോലിത്തോട് സൈഡ് കെട്ടി സംരക്ഷിക്കണം
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് നീരോലിത്തോട് സൈഡ് കെട്ടി സംരക്ഷിക്കണമെന്നാവശ്യം ഉയരുന്നു. മുന്‍സിപ്പാലിറ്റിയിലെ മൂര്‍ക്കനാട് ഒന്നാം വാര്‍ഡില്‍ 100 ല്‍ പരം ഏക്കര്‍ കൃഷി ഇടങ്ങളിലേക്കു കൃഷിയ്ക്കാവശ്യമായ ജലം കൊണ്ടുപോകുകയും അതോടൊപ്പം കരകൃഷിയ്ക്കാവശ്യമായ വെള്ളം എടുക്കുന്നതും മൂര്‍ക്കനാട് നീരോലിത്തോട്ടില് നിന്നാണ്. കരുവന്നൂര്‍ പുഴയില്‍ നിന്നും ബന്ധപ്പെടുന്നതാണ് തോട്. 2018 ലെയും 2019 ലെയും വെള്ളപൊക്കത്തില്‍ രണ്ടു സൈഡും പലഭാഗങ്ങളിലും ഇടിഞ്ഞുകിടക്കുകയാണ്. അതുകൊണ്ടു തന്നെ പാടത്തേയ്ക്കും ലിഫ്റ്റ് ഇറിഗേഷനും സുഖമമായി വെള്ളം ലഭിക്കുന്നില്ല. തോടിന്റെ കരഭാഗങ്ങള്‍ പല സ്ഥലങ്ങളിലും വിണ്ടു നില്‍ക്കുന്നുണ്ട്. 2018 ലെ കാലവര്‍ഷത്തില്‍ ഇടിഞ്ഞ കുറച്ചുഭാഗം അന്നത്തെ കൗണ്‍സിലറായിരുന്ന കെ.കെ. അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തില്‍ അടിയന്തിരമായി കെട്ടി സംരക്ഷിച്ചിരുന്നു. ഭൂരിഭാഗവും കെട്ടാതെ കിടക്കുകയാണ്. നീരോലിത്തോട് കെട്ടി സംരക്ഷിക്കുകയും അതിനോടു ചേര്‍ന്നുള്ള റോഡ് റീ ടാറിംഗ് ചെയ്യണമെന്നു ആവശ്യപ്പെട്ട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചിന്തധര്മരാജന്റെയും മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. അബ്ദുള്ളകുട്ടിയുടെയും നേതൃത്വത്തില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ വസതിയില്‍ പോയി ഒരു വര്‍ഷം മുമ്പ് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരേയും ഒരു നടപടിയും ഉണ്ടായിട്ടില്ല. നീരോലിത്തോട് ഏത്രയും പെട്ടെന്ന് കെട്ടി സംരക്ഷിക്കണമെന്നു മൂര്‍ക്കനാട് കോണ്‍ഗ്രസ് (ഐ) കമ്മിറ്റി ആവശ്യപ്പെട്ടു. ടി.എം. ധര്മരാജന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.കെ. അബ്ദുള്ളക്കുട്ടി, മണ്ഡലം സെക്രട്ടറി ചിന്തധര്മരാജന്, കെ.എ. അബൂബക്കര്‍, കെ.എ. റപ്പായി, റാഫി എന്നിവര്‍ പ്രസംഗിച്ചു.