അമ്മന്നൂര്‍ ഗുരുകുലത്തില്‍ 12 ദിവസങ്ങളായി നടന്നുവന്ന കൂടിയാട്ട മഹോത്സവം സമാപിച്ചു
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തില്‍ 12 ദിവസങ്ങളായി നടന്നുവന്ന കൂടിയാട്ട മഹോത്സവം വേണുജി സംവിധാനം ചെയ്ത വിക്രമോര്‍വശീയം കൂടിയാട്ടത്തോടെ സമാപിച്ചു. ദേവസ്ത്രീകള്‍ കുബേരന്റെ രാജധാനിയില്‍ പോയി നൃത്ത സംഗീതാദികള്‍ അവതരിപ്പിച്ച പാരിതോഷികങ്ങള്‍ വാങ്ങി മടങ്ങുന്ന വഴി ഉര്‍വശിയെ കേശി എന്ന അസുരന് അപഹരിച്ചു എന്നു കേള്‍ക്കുന്ന അഭിനയരംഗം സൂത്രധാരന്‍ അവതരിപ്പിക്കുന്നതോടൊയാണു കൂടിയാട്ടം തുടങ്ങുന്നത്. സൂത്രധാരനായി അമ്മന്നൂര്‍ രജനീഷ് ചാക്യാരും പുരൂരവസായി സുരജ് നമ്പ്യാരും ഉര്‍വശിയായി കപിലാ വേണുവും രംഗത്തെത്തി. മിഴാവില്‍ കലാമണ്ഡലം രാജീവും കലാമണ്ഡലം ഹരിഹരനും കലാമണ്ഡലം നാരായണന് നമ്പ്യാരും കലാമണ്ഡലം രവികുമാറും ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണനും മൂര്‍ക്കനാട് ദിനേശ് വാര്യരും താളത്തിനു സരിത കൃഷ്ണകുമാറും അഞ്ജനയും അക്ഷരയും ചമയത്തിനു കലാനിലയം ഹരിദാസും കലാനിലയം പ്രശാന്തും പങ്കെടുത്തു.