പൊറത്തിശേരിയിലെ അശ്വിന് രാജ് സംസ്ഥാനത്തെ മികച്ച വിദ്യാര്‍ഥി കര്ഷകന്
ലോക്ഡൗണില്‍ വീടിന്റെ മട്ടുപ്പാവില്‍ പച്ചക്കറികളുടെ വസന്തം സൃഷ്ടിച്ച അശ്വിന് രാജിന് അതിജീവനത്തിന്റെ കര്‍ഷക തിലകം
ഇരിങ്ങാലക്കുട: കോവിഡ് കാലത്ത് പ്രതിസന്ധികളെ അതിജീവിച്ച് മട്ടുപ്പാവില്‍ പച്ചക്കറി കൃഷി ചെയ്ത പൊറത്തിശേരിയിലെ അശ്വിനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. മഹാത്മ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും മഞ്ഞായില്‍ വീട്ടില്‍ എം.എ. രാജ്കുമാറിന്റേയും സരിതയുടേയും മകനായ അശ്വിന് രാജിനാണ് ഇത്തവണത്തെ മികച്ച വിദ്യാര്‍ഥി കര്‍ഷകനുള്ള സംസ്ഥാന പുരസ്ക്കാരം. അമ്പതിനായിരം രൂപയും ഫലകവുമാണ് പുരസ്ക്കാരം. അഞ്ചാം ക്ലാസ് മുതല്‍ സ്കൂളില്‍ നിന്നും കൃഷി ഭവനില്‍ നിന്നുമെല്ലാം കിട്ടുന്ന വിത്തുകള്‍ പാകി മുളപ്പിച്ചാണ് കൃഷി ചെയ്യുന്നത്.
കോവിഡ് കാലഘട്ടത്തില്‍ ആരംഭിച്ച മട്ടുപാവ് കൃഷിയാണ് പ്രധാനമായും അവാര്‍ഡിന് അര്‍ഹനാക്കിയത്. സ്കൂളിലെ അധ്യാപകരാണ്് കൃഷിയുടെ ചിത്രങ്ങളും മറ്റും എടുത്ത് അവാര്‍ഡിനായി ആയച്ചത്. അഞ്ച് സെന്റ് സ്ഥലത്ത് വീടു കഴിഞ്ഞ് ബാക്കിയുള്ള സ്ഥത്തായിരുന്നു കൃഷി. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കൃഷി വീടിന്റെ ടെറസിലേക്കും കൂടി വ്യാപിപ്പിക്കുകയായിരുന്നു. തക്കാളി, വെണ്ട, വഴുതന, കുമ്പളം, മത്തന്‍, ചുരക്ക, വെള്ളരി, കുകുബര്‍, പയര്‍, ചീര, പടവലം, പാവക്ക, കാബേജ്, കോളിഫ്ളവര്‍, പച്ചമുളക്, കാരറ്റ് ഇതെല്ലാം അശ്വിന്റെ കൃഷിയിടത്തില്‍ വിളയുന്നതാണ്. ഇവിടെ കൃഷിചെയ്യുന്ന പച്ചക്കറി സ്വന്തം വീട്ടാവശ്യം കഴിഞ്ഞ് ബന്ധു വീടുകളിലേക്കും നല്‍കാറുണ്ട്. മകന് കൃഷി ആരംഭിച്ചതോടെ വീട്ടിലേക്ക് പച്ചക്കറി വാങ്ങിക്കാറില്ലെന്ന് അമ്മ സരിത പറഞ്ഞു. ക്യഷിയോടൊപ്പം തന്നെ മീന്‍ വളര്‍ത്തല്‍, പാചകം എന്നിവയിലും തല്‍പ്പരനായ സുഡു എന്ന് വിളിപ്പേരുള്ള അശ്വിന് ‘ സുഡൂസ് വ്ളോഗ് ‘ എന്ന പേരില്‍ സ്വന്തമായി യൂട്യൂബ് ചാനലും ആരംഭിച്ചീട്ടുണ്ട്. കൃഷിയോടൊപ്പം കൃഷി പാഠങ്ങള്‍ മറ്റുള്ളവര്‍ക്കായി പകര്‍ന്ന് നല്‍കുന്നതിനും തന്റെ പാചക പരീക്ഷണങ്ങള്‍ക്കുമായാണ് യുടൂബ് ചാനല്‍ ആരംഭിച്ചത്. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യുരിറ്റി ജീവനക്കാരനാണ് പിതാവ് രാജ് കുമാര്‍. ഇരിങ്ങാലക്കുട ടൗണിലെ സ്ഥാപനത്തിലെ സെയില്‍സ് ഗേളാണ് അമ്മ സരിത. പൂര്‍ണമായും ജൈവ രീചതിയിലാണ് കൃഷി. സ്കൂളിലെ അധ്യാപകരുടെയും അയല്‍വാസികളുടെയും നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്ന് അശ്വിന് പറഞ്ഞു. മൃഗ സ്നേഹി കൂടിയായ അശ്വിന് പുരസ്കാര ലബ്ധിയുടെ സന്തോഷമായി ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തിലുള്ള നായയെ വാങ്ങിച്ച് കൊടുക്കാമെന്ന് വീട്ടുകാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. സഹോദരനും നടവരമ്പ് ഗവ.സ്കൂളിലെ പ്ലസടു വിദ്യാര്‍ഥിയുമായ അക്ഷയ് രാജും മാതാപിതാക്കളും ഇവനു കൃഷിയില്‍ കൂട്ടായുണ്ട്.
അഭിനന്ദനങ്ങള്‍ അറിയിക്കാന്‍- 9645851872.