ഠാണാ-ചന്തക്കുന്ന് വികസനം- സ്ഥലം ഏറ്റെടുക്കുന്നു…അടയാളപ്പെടുത്തല്‍ നാളെ ആരംഭിക്കും….
ഇരിങ്ങാലക്കുട: ഠാണാ-ചന്തക്കുന്ന് റോഡ് 17 മീറ്ററില്‍ വീതികൂട്ടി വികസിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കുന്നതിനുള്ള അടയാളപ്പെടുത്തല്‍ നാളെ ആരംഭിക്കും. കൈയേറ്റം അളന്നു തിട്ടപ്പെടുത്തുന്ന ജോലികള്‍ പൊതുമരാമത്ത് വകുപ്പ് ഒരു വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. റോഡ് വികസനത്തിന്റെ സ്കെച്ച് കിട്ടിയാല്‍ ഉടന്‍ തന്നെ കുറ്റിയടിച്ച് ഭൂമി ഏറ്റെടുക്കുന്നിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നു പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. തെക്കേ അങ്ങാടി റോഡ് മുതല്‍ ബൈപാസ് റോഡ് വരെയും ചാലക്കുടി റോഡില്‍ ആശുപത്രി വരേയും ചന്തക്കുന്ന് ജംഗ്ഷനില്‍ മൂന്നുപീടിക റോഡില്‍ 50 മീറ്ററുമാണു 17 മീറ്ററില്‍ ഭൂമി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്നതിനാവശ്യമായ സ്ഥലം മാര്‍ക്ക് ചെയ്തു എല്ലാവരുടെയും സര്‍വേ നമ്പറടക്കം തൃശൂര്‍ ലാന്‍ഡ് അക്വിസിഷന്‍ നടപടികള്‍ക്കു കൈമാറും. അവരാണു വില നിശ്ചയിച്ചു ഭൂമി ഏറ്റെടുക്കുക. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ റോഡ് വികസന പ്രവൃത്തികള്‍ ആരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റോഡ് വികസനത്തിനു സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 32 കോടിയില്‍ ആദ്യപടിയായിട്ടാണു സ്ഥലം ഏറ്റെടുക്കല്‍ പ്രവൃത്തികള്‍ നടത്തുന്നത്. കൊടുങ്ങല്ലൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ നിലവില്‍ 11 മീറ്റര്‍ വീതി മാത്രമുള്ള ഠാണാ-ചന്തക്കുന്ന് റോഡ് 17 മീറ്റര്‍ വീതിയിലാക്കി ബിഎംബിസി നിലവാരത്തില്‍ മെക്കാഡം ടാറിംഗ് നടത്തിയാണു വികസിപ്പിക്കുന്നത്. വികസനത്തിനായി 160 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണു കരുതുന്നത്. 17 മീറ്റര്‍ വീതിയില്‍ 13.8 മീറ്റര്‍ വീതിയില്‍ റോഡും ബാക്കി 3.2 മീറ്റര്‍ വീതിയില്‍ നടപ്പാതകളോടു കൂടിയ കാനകളുമാണു ഉണ്ടായിരിക്കുക. ഇതിനു പുറമെ ട്രാഫിക് സേഫ്റ്റിക്കു വേണ്ടിയുള്ള ലൈന്‍ മാര്‍ക്കിംഗ്, റിഫഌക്ടറുകള്‍, സൂചന ബോര്‍ഡുകള്‍, ദിശ ബോര്‍ഡുകള്‍ എന്നിവയും സ്ഥാപിക്കും. വികസന പ്രവൃത്തിയുടെ ഭാഗമായി കെഎസ്ഇബി പോസ്റ്റുകള്‍ ബിഎസ്എന്‍എല്‍ കേബിള്‍ പോസ്റ്റുകള്‍, വാട്ടര്‍ അഥോറിറ്റി പൈപ്പുകള്‍ എന്നിവയെല്ലാം മാറ്റി സ്ഥാപിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ റോഡ് വികസന പ്രവൃത്തികള്‍ ആരംഭിക്കാന്‍ പൊതുമരാമത്ത് വകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു പ്രഫ. കെ.യു. അരുണന് എംഎല്‍എ പറഞ്ഞു. റോഡിലെ വീതി കുറവും വാഹനങ്ങളുടെ ബാഹുല്യവും കാരണം കാലങ്ങളായി നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. റോഡ് വികസനം യാഥാര്‍ഥ്യമാകുന്നതോടെ ഇതിനു പരിഹാരമാകുമെന്നാണു കരുതുന്നത്.