ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ 2021-22 പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ കരട് പദ്ധതികള്‍ അംഗീകരിക്കുന്നതിനുള്ള വികസന സെമിനാര്‍ നടത്തി. സെമിനാര്‍ പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷത വഹിച്ചു. നവകേരള മിഷന് പദ്ധതികള്‍ ഉള്കൊള്ളിച്ചുകൊണ്ടുള്ള 2,82,33,600 രൂപ അടങ്കല്‍ വരുന്ന 39 പദ്ധതികളുടെ വിശദാംശങ്ങള്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മനോജ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ചന്ദ്രന്, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ കെ. നായര്‍, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് എന്നിവര്‍ ഗ്രാമപഞ്ചായത്ത് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കാര്‍ത്തിക ജയന്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കിഷോര്‍, ബ്ലോക്ക് പഞ്ചായത്ത് മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.