ജീവിതഭാരം വെല്ലുവിളിയായപ്പോൾ ചുമട്ടുതൊഴിലാളിയായി ജീവിക്കേണ്ടി വന്ന ശ്രീധരേട്ടൻ വിരമിച്ചു
ഇരിങ്ങാലക്കുട: മുൻ ഇന്ത്യൻ ഫുട്ബോളർ യു. ഷറഫലിയുടെ കൂടെ കളിച്ച, വർഷങ്ങൾക്കു മുമ്പു കൈ്രസ്റ്റ് കോളജിൽ നിന്നും ബിരുദം എടുത്ത ഇരിങ്ങാലക്കുട മാർക്കറ്റിലെ ചുമട്ടുതൊഴിലാളി ശ്രീധരേട്ടൻ ജീവിതഭാരം വെല്ലുവിളിയായപ്പോൾ ചുമട്ടുതൊഴിലാളിയായി ജീവിക്കേണ്ടി വന്ന ശ്രീധരേട്ടൻ ജോലിയിൽ നിന്നും വിരമിച്ചു. ഇരിങ്ങാലക്കുട കനാൽ ബേസിനു സമീപം താമസിക്കുന്ന ചാലിയപ്പുറം ശ്രീധരൻ 36 വർഷമായി ചുമടെടുക്കാൻ തുടങ്ങിയിട്ട്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ കോളജിൽ നിന്നു പ്രീ ഡിഗ്രി വിദ്യാഭ്യാസവും, ഇരിങ്ങാലക്കുട കൈ്രസ്റ്റ് കോളജിൽ ബിഎ ബിരുദവും പൂർത്തീകരിച്ചു. ഇക്കാലത്ത് കേരളത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ടീമുകളിൽ ഒന്നായ കൈ്രസ്റ്റ് കോളജ് ടീമിന്റെ മുന്നേറ്റ നിരയിൽ മുൻ സംസ്ഥാന താരങ്ങളായിരുന്ന ചാലക്കുടിക്കാരായ സി.എ. ജോൺസൺ, സി.എ. ജോഷ്വാ എന്നിവർക്കൊപ്പവും, മുൻ ഇന്ത്യൻ ഫുട്ബോളർ യു. ഷറഫലി എന്നീ മികച്ച താരങ്ങളോടൊപ്പം തുടർച്ചയായി മൂന്നുവർഷം കോഴിക്കോട് സർവകലാശാല ഫുട്ബോൾ കിരീടം കൈ്രസ്റ്റ് കോളജ് മണ്ണിൽ എത്തിക്കുന്നതിനു നിർണായക പങ്കു വഹിച്ചുട്ടുള്ള കളിക്കാരനായിരുന്നു. മാത്രമല്ല, അക്കാലത്തു കേരളത്തിലെ പ്രശസ്തമായ നിരവധി ഫുട്ബോൾ ടൂർണമെന്റുകളിൽ ജേതാക്കളായിരുന്ന കൈ്രസ്റ്റ് കോളജ് ഫുട്ബോൾ ടീമിന്റെ റൈറ്റ് വിംഗ് ഫോർവേഡ് ആയിരുന്ന ഇദ്ദേഹത്തിന്റ അസാമാന്യമായ വേഗവും പന്തടക്കവും അതോടൊപ്പം മികച്ച സ്കോറിംഗ് പാടവവും കൊണ്ടു മിക്കവാറും എല്ലാ ടൂർണമെന്റുകളിലും നിരവധി തവണ ഗോളുകൾ സ്കോർ ചെയ്ത് ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മുൻ തൃശൂർ ജില്ലാ ഫുട്ബോൾ കിരീട ജേതാക്കളായിരുന്ന ഇരിങ്ങാലക്കുട ‘ഒളിംപ്യൻ സ്പോർട്ടിംഗ് ക്ലബിന്റെ പ്രശസ്ത കളിക്കാരിൽ ഒരാളുമായിരുന്നു ശ്രീധരൻ. എക്സൈസ് വകുപ്പിൽ സെലക്ഷൻ ലഭിച്ചിട്ടും നിർഭാഗ്യവശാൽ ജോലി ലഭിച്ചില്ല. ഒാട്ടോ ഒാടിച്ചു കുടുംബം പുലർത്തുമെന്നാണു ശ്രീധരേട്ടൻ പറയുന്നത്. ഷീലയാണ് ഭാര്യ. മക്കളായ ശ്രീലക്ഷ്മി, സേതുലക്ഷ്മി എട്ടിലും പത്തിലും പഠിക്കുന്നു.