വേനല്‍ മഴയുടെ കെടുതിയില്‍ ലക്ഷങ്ങളുടെ നഷ്ടം; പുല്ലൂരിലെ കര്‍ഷകര്‍ ദുരിതത്തില്‍
അധികൃതര്‍ ഇടപെടുന്നില്ലെന്നു പരാതി
പുല്ലൂര്‍: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍ മഴയില്‍ കൊയ്തെടുക്കാറായ നെല്ല് നശിച്ചതോടെ പുല്ലൂരിലെ കര്‍ഷകര്‍ക്കു ലക്ഷകണക്കിനു രൂപയുടെ നഷ്ടം. ഏക്കറുകണക്കിനു പാടത്താണു മഴയുടെ കെടുതി ഉണ്ടായത്. വിളഞ്ഞു പാകമായ നെല്ലു കൊയ്തെടുക്കാന്‍ തയാറെടുക്കുന്നതിനിടയിലാണു മഴ പെയ്തത്. ഇതോടെ മഴയുടെ ശക്തിയില്‍ നെല്ലെല്ലാം വീണു. പാടത്തു വെള്ളം നിറഞ്ഞതോടെ വീണുകിടന്ന നെല്ലെല്ലാം മുങ്ങിപോകുകയായിരുന്നു. ഇതു സംബന്ധിച്ചു കൃഷിഭവനിലും പഞ്ചായത്തിലും അറിയിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നിസംഗതയാണുണ്ടായതെന്നു കര്‍ഷകര്‍ പറഞ്ഞു. നേരത്തെ ഇവര്‍ പറഞ്ഞതനുസരിച്ച് എല്ലാ തരത്തിലുമുള്ള ഇന്‍ഷ്വറന്‍സുകള്‍ വിളകള്‍ക്കു കര്‍ഷകര്‍ എടുത്തിട്ടുണ്ടെങ്കിലും ഇതു ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ അധികാരികള്‍ എടുക്കുന്നില്ലെന്നും കര്‍ഷകര്‍ പരാതിപ്പെട്ടു. വെള്ളത്തില്‍ മുങ്ങിയ നെല്ലു മുളച്ചു പൊങ്ങുകയും കൊയ്തെടുക്കാന്‍ കഴിയാത്തതിനാല്‍ അവ ചീഞ്ഞു പോകുകയുമാണ്. ഇന്‍ഷ്വറന്‍സ് തുക ലഭിക്കണമെങ്കില്‍ എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനു അധികൃതര്‍ തയാറാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.