സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തില്‍ അധ്യാപക സമൂഹത്തിന്റെ കടമ ഓര്‍മിപ്പിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സ്കില്‍ ഡെവലപ്പ്മെന്റ് സെല്‍ ബോയ്സ് സ്കൂളില്‍ തുടങ്ങുന്നത് സംബന്ധിച്ച് സ്കൂള്‍ അധികൃതരില്‍ നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെന്നും വിമര്‍ശനം
ഇരിങ്ങാലക്കുട: സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ അധ്യാപക സമൂഹത്തിന്റെ കടമ ഓര്‍മിപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു. ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കിഫ്ബിയുടെ ഒരു കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിട നിര്‍മാണ പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നപ്പോള്‍ ബോയ്സ് സ്കൂള്‍ ആനുപാതികമായി മുന്നോട്ടു പോയിട്ടില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. രണ്ടായിരത്തോളം കുട്ടികള്‍ വരെ പഠിച്ചിരുന്ന സ്കൂളില്‍ ഇന്നു ഹൈസ്കൂളില്‍ നൂറില്‍ താഴെ വിദ്യാര്‍ഥികള്‍ മാത്രമാണുള്ളത്. സ്കൂളിന്റെ വികസനത്തിനു ലഭ്യമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനും ജനപ്രതിനിധികളുടെ ശ്രദ്ധ വിദ്യാലയങ്ങളിലേക്കു കൊണ്ടുവരാനും അധ്യാപകര്‍ക്കു കഴിയണം. സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി അഞ്ചരലക്ഷത്തോളം കുട്ടികള്‍ സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്നു സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേര്‍ന്നു കഴിഞ്ഞു. ഉയര്‍ന്ന വിജയശതമാനം തന്നെയാണു പൊതുവിദ്യാലയങ്ങളും നേടുന്നത്. പ്ലസ് ടു വിദ്യാര്‍ഥികളുടെ തൊഴില്‍പരമായ നൈപുണ്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമാക്കി പ്രത്യേക സെല്‍ ബോയ്സ് സ്കൂളില്‍ തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ സൗകര്യമില്ലെന്ന മറുപടിയാണു സ്കൂള്‍ അധികൃതരില്‍ നിന്നു ലഭിച്ചത്. ഈ സമീപനം തിരുത്തപ്പെടേണ്ടതാണ്. ചൂടുകാലത്ത് കറുത്തകോട്ട് അണിഞ്ഞ് പെണ്‍കുട്ടികള്‍ വരുന്നത് ഒഴിവാക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥി കേന്ദ്രീക്യതമായിരിക്കണം പൊതു വിദ്യാലയങ്ങളിലെ പഠനം. പരിപാടികളുടെ അജണ്ട വരെ അധ്യാപക കേന്ദ്രീകൃതമായിട്ടാണ് ഇപ്പോഴും തുടരുന്നത്. തന്റെ അസൗകര്യം കൊണ്ടാണു ശിലാസ്ഥാപന ചടങ്ങ് നീണ്ടു പോയതെന്ന നഗരസഭ ചെയര്‍പേഴ്സന്റെ പരാമര്‍ശം ശരിയല്ലെന്നും സ്കൂളിന്റെ വികസനത്തിനു സംയോജിത പദ്ധതികള്‍ ഉണ്ടാകണമെന്നും ഇക്കാര്യത്തില്‍ ആശയ വിനിമയത്തിന്റെ അഭാവം ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അംബിക പള്ളിപ്പുറത്ത്, ജെയ്സന് പാറേക്കാടന്‍, അഡ്വ. ജിഷ ജോബി, സ്കൂള്‍ പ്രിന്‍സിപ്പല്‍ എ. കൃഷ്ണനുണ്ണി, ഹെഡ്മിസ്ട്രസ് എം. രജിത, പിടിഎ പ്രസിഡന്റ് റെജി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ബിന്ദു ഹിജീഷ്, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് പ്രഫ. ജോസ് തെക്കേത്തല തുടങ്ങിയവര്‍ പ്രസംഗിച്ചു.