ഭൂമിക്കൊരു കൂടൊരുക്കാം പദ്ധതിയ്ക്ക് തുടക്കമായി
ഇരിങ്ങാലക്കുട: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ഫണ്ട് പ്രയോജനപ്പെടുത്തി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിത കേരളം മിഷന്, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പേഴുംകാട് ചീപ്പുചിറയില്‍ ആരംഭിക്കുന്ന പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രത്തോടനുബന്ധിച്ച് 3000 കണ്ടല്‍ തൈകള്‍ നട്ടു പരിപാലിക്കുന്ന കണ്ടല്‍ കാടൊരുക്കാം; ഭൂമിക്കൊരു കൂടൊരുക്കാം എന്ന പദ്ധതി വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് കണ്ടല്‍ തൈനട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫസ്ന റിജാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സുജന്‍ പൂപ്പത്തി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു ബാബു, മെമ്പര്‍മാരായ ഷറഫുദ്ദീന്, സദക്കത്തുള്ള, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. റിഷി, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ഫെബിന് ഫ്രാന്‍സിസ്, തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍, ഹരിതകേരളം മിഷന് ആര്.പി. വേലായുധന്, തൊഴിലാളികള്‍, കൃഷി ഓഫീസര്‍ സീമ ഡേവിസ് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളെ മാതൃകാ പഞ്ചായത്തുകളായി തെരഞ്ഞെടുത്തതില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 4,20,000 രൂപ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ധാരാളം ഉപ്പുജല തടാകങ്ങളും ജലാശയങ്ങളമുള്ള വെള്ളാങ്കല്ലൂരിന്റെ ജൈവസമ്പത്തും മത്സ്യസമ്പത്തും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനുമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.