തളിക്കുളം ഹാഷിദ കൊലപാതകം; പ്രതിയായ ഭര്‍ത്താവിന് ജീവപര്യന്തം തടവിനും 1,51,500 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു
ഇരിങ്ങാലക്കുട: തളിക്കുളം അയിനിച്ചോട് അരവശേരി വീട്ടില്‍ നൂറുദ്ദീന്റെ മകള്‍ ഹാഷിദയെ (24) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ഭര്‍ത്താവായ കാട്ടൂര്‍ പണിക്കര്‍മൂല സ്വദേശി മംഗലത്തറ വീട്ടില്‍ മുഹമ്മദ് ആസിഫ് അസീസ് (30) നെ ജീവപര്യന്തം തടവിനും 1,51,500 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എന്‍. വിനോദ്കുമാര്‍ വിധി പ്രസ്താവിച്ചു.
പിഴയില്‍ നിന്ന് 1,00,000 രൂപ കൊല്ലപ്പെട്ട ഹാഷിദയുടെ മക്കള്‍ക്ക് നഷ്ടപരിഹാരമായി നല്കുവാനുമാണ് കോടതി ശിക്ഷ വിധിച്ചത്. 2022 ആഗസ്റ്റ് 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം വൈകുന്നേരം ആറര മണിയോടെ നൂറുദ്ദീന്റെ വീട്ടില്‍ വെച്ച് ഹാഷിദയുമായുള്ള കുടുംബ വഴക്കിന്റെ വിരോധത്താല്‍ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് 18 ദിവസം മാത്രമായിട്ടുള്ള ഹാഷിദയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ബാഗില്‍ ഒളിപ്പിച്ചു കൊണ്ടു വന്ന മാരകായുധമായ വാള് ഉപയോഗിച്ച് അതിക്രൂരമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ചെന്ന ഹാഷിദയുടെ പിതാവായ നൂറുദ്ദീനെ തലക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും, മാതാവിനെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു.
തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആഗസ്റ്റ് 21 ന് വൈകീട്ട് നാലു മണിയോടു കൂടി ഹാഷിദ മരണപ്പെട്ടു. വലപ്പാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കെ എസ് സുശാന്താണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി ആയിരുന്ന എന്‍.എസ് സലീഷ് അന്വേഷണം ഏറ്റെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തീകരിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
കേസില്‍ പ്രോസിക്യൂഷന് ഭാഗത്തു നിന്നും 58 സാക്ഷികളെ വിസ്തരിക്കുകയും, 97 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജോജി ജോര്‍ജ്ജ്, അഡ്വക്കെറ്റുമാരായ പി.എ ജെയിംസ്, എബിന് ഗോപുരന്‍, അല്‍ജോ പി ആന്റണി, ടി ജി സൗമ്യ എന്നിവര്‍ ഹാജരായി.