ഫ്രാന്‍സീസ് പാപ്പയുടെ വിയോഗം; ഇരിങ്ങാലക്കുട രൂപതയില്‍ നാളെ പ്രാര്‍ഥനാദിനം, കത്തോലിക്കാ സ്ഥാപനങ്ങള്‍ക്കു അവധി

ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഫ്രാന്‍സീസ് പാപ്പക്കൊപ്പം.
ഇന്ന് ഇരിങ്ങാലക്കുടയില്‍ അനുസ്മരണ സന്ധ്യ നടക്കും
ഇരിങ്ങാലക്കുട: കാലം ചെയ്ത ഫ്രാന്‍സീസ് പാപ്പയോടുള്ള ബഹുമാനാര്‍ഥം പാപ്പായുടെ സംസ്കാര ചടങ്ങുകള്‍ നടക്കുന്ന 26 ന് നാളെ പ്രാര്‍ഥനാ ദിനമായി ആചരിക്കുമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. അന്നേ ദിവസം നമ്മുടെ രൂപതാതിര്‍ത്തിക്കുള്ളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ കത്തോലിക്കാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മൃതസംസ്കാര ശുശ്രൂഷയുടെ സമയത്ത് രൂപതയിലെ എല്ലാ വിശ്വാസികളും എവിടെയായിരുന്നാലും പ്രാര്‍ഥനാപൂര്‍വ്വം ആത്മനാ ഈ കബറടക്കശുശ്രൂഷയില്‍ പങ്കെടുക്കണം. സാധ്യമാകുന്ന ഇടവകകളില്‍ പരിശുദ്ധ പിതാവിന്റെ മൃതസംസ്കാര ശുശ്രൂഷ മാധ്യമങ്ങളിലൂടെ തത്സമയം കാണുവാന്‍ അവസരം ഒരുക്കേണ്ടതാണ്.
പരിശുദ്ധപിതാവിന്റെ ആത്മാനുകൂലാര്ഥം ദിവ്യബലിയും ഒപ്പീസും പരികര്‍മ്മം ചെയ്യണം. അന്നത്തെ തിരുകര്‍മ്മങ്ങള്‍ക്ക് മുമ്പോ ശേഷമോ പരിശുദ്ധ പിതാവിന്റെ ഫോട്ടോയ്ക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി പരിശുദ്ധ പിതാവിനോടുള്ള ആദരവ് പ്രകടമാക്കാന്‍ ദൈവജനത്തിന് അവസരം ഒരുക്കണം. ഇന്നോ നാളെയോ ഇടവക, ഫൊറോന, മേഖല അടിസ്ഥാനത്തിലൊ ഫ്രാന്‍സിസ് പാപ്പായോടുള്ള ആദരസൂചകമായി ജാതിമതഭേദമന്യേ ആളുകളെ സംഘടിപ്പിച്ചുകൊണ്ട് അനുസ്മരണറാലിയോ സമ്മേളനങ്ങളോ സംഘടിപ്പിക്കണം.
രൂപതയുടെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ഇടവകയുടെയും ഇരിങ്ങാലക്കുട പൗരാവലിയുടെയും സഹകരണത്തോടെ ഇരിങ്ങാലക്കുടയില്‍ പരിശുദ്ധ പിതാവിന്റെ ബഹുമാനാര്‍ഥം അനുസ്മരണ സന്ധ്യ സംഘടിപ്പിക്കുകയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കത്തീഡ്രല്‍ ദേവാലയത്തില്‍വച്ച് ഫ്രാന്‍സിസ് പാപ്പായ്ക്കുവേണ്ടിയുള്ള അനുസ്മരണ ബലി അര്‍പ്പിക്കുന്നു. ഈ അനുസ്മരണ ബലിയില്‍ രൂപതയിലെ വൈദികര്‍, സമര്‍പ്പിത വൈദികര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴ്സ്, സിസ്റ്റേഴ്സ്, ബ്രദേഴ്സ്, കൈക്കാരന്മാര്, പ്രതിനിധിയോഗാംഗങ്ങള്‍, രൂപത ഏകോപന സമിതി അംഗങ്ങള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, മതബോധന അധ്യാപകര്‍, സംഘടനാഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.
അനുസ്മരണ ബലിയ്ക്ക്ശേഷം 4.30ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകയുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ ടൗണ്‍ ഹാളിലേക്ക് പരിശുദ്ധ പിതാവിനോടുള്ള ആദരസൂചകമായി അനുസ്മരണറാലി നടക്കും. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍വച്ച് 5.30ന് പൊതുസമ്മേളനംനടക്കും. ഈ പൊതുസമ്മേളനത്തില്‍ ഇരിങ്ങാലക്കുട പ്രദേശത്തുള്ള മതകക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രമുഖര്‍ പങ്കെടുക്കുകയും പരിശുദ്ധ പിതാവിനെ അനുസ്മരിക്കുകയും ചെയ്യുമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ജോളി വടക്കന്‍, രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ടഌ വൈസ് ചാന്‍സലര്‍മാരായ ഫാ. അനീഷ് പല്ലിശേരി, ഫാ. ആന്റോ വട്ടോലി, ദര്ശന് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. സിന്റോ മാടവന, കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ഓസ്റ്റിന്‍ പാറക്കല്‍ എന്നിവര്‍ സംബന്ധിച്ചു.