മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ കാഴ്ചസമര്‍പ്പണം നടത്തിയതിന്റെ ഓര്‍മയില്‍ മലയാളി കുടുംബം

ദിവ്യബലിയില്‍ മാര്‍പാപ്പയുടെ കൈവശം കാഴ്ചസമര്‍പ്പണം നടത്തുന്ന ഇരിങ്ങാലക്കുട ഊരകം പൊഴോലിപറമ്പില്‍ ജോര്‍ജ് റപ്പായിയും കുടുംബവും.
ഇരിങ്ങാലക്കുട: മാര്‍പാപ്പയുടെ കാര്മികത്വത്തില്നടക്കുന്ന ദിവ്യബലിയില്‍ സംബന്ധിക്കുക എന്നുള്ളതുതന്നെ വലിയഭാഗ്യമാണ്. ആ ദിവ്യബലിയില്‍ മാര്‍പാപ്പയുടെ കൈവശം കാഴ്ചസമര്‍പ്പണം നടത്താന്‍ ലഭിക്കുന്നത് എത്രയോ വലിയ ഭാഗ്യമാണ്. ഇത്തരത്തില്‍ മഹാഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇരിങ്ങാലക്കുട ഊരകം സെന്റ് ജോസഫ്സ് ഇടവക പൊഴോലിപറമ്പില്‍ ജോര്‍ജ് റപ്പായിയും കുടുംബവും. കഴിഞ്ഞവര്‍ഷം ഓശാന ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍നടന്ന ദിവ്യബലിയില്‍ വിവിധരാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളോടൊപ്പം ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് കാഴ്ചസമര്‍പ്പണം നടത്തിയത് ജോര്‍ജ്, ഭാര്യ മിനി, മക്കളായ ബ്ലെസി, ബെറ്റ്സി എന്നിവരാണ്. ഭക്തിസാന്ദ്രമായ ആ ദിവസത്തിന്റെ ഓര്‍മയിലാണ് ജോര്‍ജും കുടുംബവും. കഴിഞ്ഞദിവസം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ നാലുമണിക്കൂറോളം ക്യുവില്‍ നിന്നാണ് ജോര്‍ജും കുടുംബവും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ശനിയാഴ്ച നടക്കുന്ന സംസ്കാരശുശ്രുഷകളിലും കുടുംബത്തോടൊപ്പംപോകാന് തയാറെടുക്കുകയാണ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇറ്റലിയിലെ ചെയര്‍മാനും കാപോ റോമയുടെ പ്രസിഡന്റുമായ ജോര്‍ജ്.
