സ്പിരിറ്റ് ഉപയോഗിച്ച് നിര്‍മിക്കുന്ന വ്യാജ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രം കണ്ടെത്തി
ഇരിങ്ങാലക്കുട: സ്പിരിറ്റ് ഉപയോഗിച്ച് നിര്‍മിക്കുന്ന വ്യാജ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രം കണ്ടെത്തി. ഇരിങ്ങാലക്കുട എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ആര്. മനോജിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ചാലക്കുടി താലൂക്ക് മുപ്ലിയം വില്ലേജില്‍ പിടിക്കപറമ്പ് ദേശത്ത് വൈക്കലപറമ്പില് രാജന്റെ ഉടമസ്ഥതയിലുള്ള പൂട്ടി കിടക്കുന്ന വീട്ടിലാണ് വ്യാജ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രം കണ്ടെത്തിയത്. 85 ലിറ്റര്‍ സാനിറ്റൈസറും 12 ലിറ്റര്‍ സ്പിരിറ്റും നിര്‍മാണ സാമഗ്രികളും സംഭവസ്ഥലത്തു നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സാനിറ്റൈസര്‍ കൈയിലെടുത്ത് പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്കു ചൊറിച്ചില്‍ അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉളവാക്കാന്‍ പോന്ന വ്യാജ സാനിറ്റൈസര്‍ പരിശോധനയ്ക്കായി കാക്കനാട് കെമിക്കല്‍ ലാബിലേക്കു അയച്ചു. പ്രിവന്റീവ് ഓഫീസര്‍ വിന്നി സിമേതി നേതൃത്വം കൊടുത്ത റെയ്ഡില്‍ സിഇഒമാരായ ഇ.എം. ജോസഫ്, ബെന്നി, ഡബ്ല്യുസിഇഒ പി.എസ്. രജിത എന്നിവര്‍ പങ്കെടുത്തു.