കാലം അതിര് വരമ്പിട്ടു, വൈകല്യത്തെ തോല്‍പ്പിച്ച സേവന പര്‍വത്തിനു ഇന്നു വിരാമം
‘വീണപൂവാ’കാന്‍ മനസില്ലാത്ത റോസ്
ഇരിങ്ങാലക്കുട: വിധിയെ പഴിക്കാതെ ആത്മ വിശ്വാസത്തിന്റെ, ശുഭ പ്രതീക്ഷയുടെ പെണ് രൂപമായിരുന്നു ഇരിങ്ങാലക്കുട സ്വദേശിനി റോസ് എബ്രാഹം. ശരീരത്തിന്റെ മുക്കാല്‍ ഭാഗവും തളര്‍ന്നെങ്കിലും വിധിയെ തോല്‍പ്പിച്ച് 33 വര്‍ഷത്തെ സുത്യര്‍ഹമായ സേവനത്തിനു ശേഷം നിറ പുഞ്ചിരിയോടെ ഇന്നവള്‍ പടിയിറങ്ങുകയാണ്. ജനിച്ച് ഒരു വര്‍ഷവും രണ്ടു മാസവും ഉള്ളപ്പോഴാണു പോളിയോ ബാധിച്ചത്. പിന്നീടവള്‍ വീല്‍ചെയറില്‍ നിന്നു എഴുന്നേറ്റിട്ടില്ല. പക്ഷേ ആ മനസ് വീല്‍ ചെയറിലിറിക്കാന് കൂട്ടാക്കിയില്ല. അസുഖം ബാധിച്ചതോടെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലടക്കം നിരവധി ആശുപത്രികളില്‍ ചികിത്സ നടത്തി. എന്നിട്ടു ശരീരം പൂര്ണാവസ്ഥയിലായില്ല. കഴുത്തിനു താഴെക്കു തളരുകയായിരുന്നു. 75 ശതമാനം വൈകല്യം ബാധിച്ചുവെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്. ഇരിങ്ങാലക്കുട കുരിശങ്ങാടി ചക്കാലക്കല്‍ എബ്രാഹം-ഗ്രേസ് താണ്ട ദമ്പതികളുടെ നാലാമത്തെ മകളാണ്.
തളരാത്ത മനസായിരുന്നു റോസിന്റെ കരുത്ത്. അസുഖം ബാധിച്ചതോടെ ആറാം ക്ലാസുവരെ വീട്ടില്‍ തന്നെയായിരുന്നു പഠനം പൂര്‍ത്തീകരിച്ചത്. ഏഴാം ക്ലാസ് മുതല്‍ ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്കൂളില്‍ റിക്ഷയില്‍ സ്കൂളില്‍ പോയിവരും. സെന്റ് ജോസഫ്സ് കോളജിലാണു പ്രീ ഡിഗ്രിയും ഡിഗ്രിയും പൂര്‍ത്തീകരിച്ചത്. അനുജത്തി എലിസബത്തിനൊപ്പമാണ് കോളജ് പഠനം. പഠന രംഗത്ത് മിടുക്കിയായിരുന്നു റോസ്. 1980 ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രീ ഡിഗ്രിക്കു മൂന്നാം റാങ്ക് നേടി. 28-ാം വയസിലാണു തൃശൂരിലെ വിജയ ബാങ്കില്‍ ജോലി ലഭിക്കുന്നത്. തൃശൂരിലേക്കുള്ള .യാത്രാ ബുദ്ധിമുട്ടുകാരണം ഒരാഴ്ചക്കകം ഈ ജോലി രാജിവെച്ചു. പിന്നീട് ഇരിങ്ങാലക്കുട എസ്ബിഐ ബാങ്കില്‍ ക്ലര്‍ക്കായി ജോലി ലഭിക്കുകയായിരുന്നു. റോസിന്റെ 60-ാം ജന്മദിനമായിരുന്നു ഇന്നലെ. അതോടെ നീണ്ട 33 വര്‍ഷത്തെ സേവനത്തിനു വിരാമമിടുകയാണു ഇന്ന്. ദിവസവും ജോലിക്കു കൊണ്ടുവരുന്നതും തിരികെ കൊണ്ടുവിടുന്നതും ബാങ്കിലെ താത്കാലിക ജീവനക്കാരിയായ ശാന്തയാണ്. രാവിലെ വീട്ടില്‍നിന്ന് താങ്ങിയെടുത്ത് ഓട്ടോയില്‍ കയറ്റും. ബാങ്കിലെത്തിയാല് ഓട്ടോയില്‍ നിന്നും താങ്ങി എടുത്ത് കാബിനിലെത്തിക്കുന്നതും ശാന്തയാണ്. ഇന്നു ബാങ്കിലെ സഹപ്രവര്‍ത്തകര്‍ ചേര്‍ത്ത് വിരമിക്കല്‍ ചടങ്ങ് നടത്തുന്നുണ്ട്. ഇത്രയും നാള് ദിവസവും ബാങ്ക് ജോലികളില്‍ മുഴുകിയിരുന്ന റോസിനു ജോലിയില്‍ നിന്നു വിരമിക്കുന്നതോടെ ഇനി വീട്ടില്‍ അമ്മ ഗ്രേസ് താണ്ട, സഹോദരന് ജോണിനോടും കുടുംബത്തോടൊപ്പം വിശ്രമ ജീവിതം തുടരാനാണു ആഗ്രഹം. PHONE-9495332949