കൂടല്‍മാണിക്യം ഉത്സവം: കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനു തുടക്കംകുറിച്ച് കൊടിപ്പുറത്ത് വിളക്കാഘോഷം നടന്നു. ശ്രീകോവിലില്‍ നിന്നു ഭഗവാന് ആദ്യമായി പുറത്തേയ്ക്ക് എഴുന്നുള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ദര്‍ശിക്കാന്‍ നിരവധി ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. ഉത്സവാറാട്ടുകഴിഞ്ഞ് അകത്തേയ്ക്ക് എഴുന്നള്ളിച്ചാല്‍ പിന്നെ ഭഗവാന്റെ തിടമ്പ് പുറത്തേയ്ക്കെഴുന്നള്ളിക്കുന്നത് പിറ്റേവര്‍ഷം കൊടിപ്പുറത്ത് വിളക്കിനാണ്. വിളക്കാഘോഷത്തിന്റെ ഭാഗമായി മണ്ഡപനമസ്കാരം ചെയ്ത് ശുദ്ധീകരിച്ച സ്ഥലത്ത് പത്മമിട്ട് ബ്രഹ്മകലശപൂജ, പരികലശപൂജകള്‍, കുംഭേശ-കര്‍ക്കരി പൂജ, അധിവാസ ഹോമം എന്നിവ നടന്നു. വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്കു ശേഷം തുടര്‍ന്ന് കൊടിപ്പുറത്ത് വിളക്കിനു പുറക്കേക്കെഴുന്നള്ളിക്കാനായുള്ള മാതൃക്കല്‍ ബലി ശ്രീകോവിലിന്റെ തെക്കുഭാഗത്ത് നടന്നു. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് സപ്തമാതൃക്കള്‍ക്കരികെ മാതൃക്കല്‍ ദര്‍ശനത്തിനായി ഇരുത്തിയ ഭഗവാനെ വണങ്ങാന്‍ നിരവധി ഭക്തജനങ്ങള്‍ എത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മാതൃക്കല്‍ ദര്‍ശനത്തിനു ഭക്തജനങ്ങള്‍ക്കു അകത്തേക്കു പ്രവേശിക്കാന്‍ പടിഞ്ഞാറെ നടപ്പുരയില്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കുത്തുവിളക്കുകളുടെ അകമ്പടിയോടെ കോലത്തിലുറപ്പിച്ച ഭഗവത് തിടമ്പ് പുറത്തേയ്ക്കെഴുന്നള്ളിച്ചു. ഭഗവദ് ദര്‍ശനത്തിനായി കാത്തുനിന്ന ഭക്തജനങ്ങള്‍ ഭക്തിയോടെ ഭഗവാനെ വണങ്ങി. തുടര്‍ന്ന് സ്വന്തം ആനയായ മേഘാര്ജുനന്റെ ശിരസിലേറി രണ്ടാനകളുടെ അകമ്പടിയോടെ ദേവന് ആചാരപ്രകാരമുള്ള പ്രദക്ഷിണങ്ങള്‍ പൂര്‍ത്തിയാക്കി. നാലു പ്രദക്ഷിണം കഴിഞ്ഞ് അഞ്ചാമത്തെ പ്രദക്ഷിണത്തില്‍ കൂത്തമ്പലത്തിന്റെയും ക്ഷേത്രക്കെട്ടിന്റെയും തെക്കുഭാഗത്തായി വിളക്കാചാരം നടന്നു. തുടര്‍ന്ന് നാലു പ്രദക്ഷിണം കൂടി പൂര്‍ത്തിയാക്കി ഭഗവാനെ അകത്തേക്ക് എഴുന്നള്ളിപ്പിച്ചു. ചടങ്ങുകള്‍ മാത്രമായി നടത്തുന്നതിനാല്‍ ശീവേലിക്കും വിളക്കെഴുന്നെള്ളിപ്പുകള്ക്കും മേളം ഇല്ല. രാവിലെ ശീവേലിയും രാത്രി വിളക്കിനും പ്രദക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകൂ. ശീവേലി, വിളക്ക് പ്രദക്ഷണങ്ങള്ക്കു പതിവുപോലെ മൂന്നു ആനകള്‍ ഉണ്ടാകും. രാവിലെ 11 മണിയോടെയും രാത്രി 10 മണിയോടെയും എല്ലാ ചടങ്ങുകളും അവസാനിപ്പിക്കും.