ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക: എഐടിയുസി

ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചു റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് എഐടിയുസി മോട്ടോര്‍ തൊഴിലാളി യൂണിയന് മണ്ഡലം കണ്വെന്ഷന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മോട്ടോര്‍ തൊഴില്‍ മേഖലയാകെ പ്രതിസന്ധിയിലാണ്. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ മാറ്റപ്പെടുത്തുകയും മോട്ടോര്‍ എക്സിറ്റ് നിയമങ്ങള്‍ പൊളിച്ചെഴുതുകയും കോ-ഓര്പ്പറേറ്റുകള്ക്കു വേണ്ടി പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്തതുമൂലം രാജ്യത്തെ അഞ്ചു കോടിയോളം വരുന്ന മോട്ടോര്‍ തൊഴിലാളികളുടെ തൊഴിലില്‍ സാരമായി ബാധിച്ചു. മാത്രമല്ല പുതിയ റോഡു സുരക്ഷാ ബില്ലും ദൈനംദിനം കൂട്ടികൊണ്ടിരിക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും വിലയും ഇന്‍ഷുറന്‍സ് വര്‍ധനവും സാധാരണക്കാരനു താങ്ങാന്‍ പറ്റുന്നതിനപ്പുറമാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപാടു പെടുന്നവരായി മാറുന്നു മോട്ടോര്‍ തൊഴിലാളികള്‍ എന്നും പ്രമേയത്തില്‍ ചൂണ്ടികാണിച്ചു. സി. അച്യുതമേനോന് ഹാളില്‍ നടന്ന മണ്ഡലം കണ്വെന്ഷന് ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം അധ്യക്ഷത വഹിച്ചു. വി.ടി. ബിനോയ്, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, കെ.കെ. ശിവന്, മോഹനന് വലിയാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

പെട്രോള്‍, ഡീസല്‍, പാചകവാതക വില കുറയ്ക്കുക എന്ന പ്രമേയവും അവതരിപ്പിച്ചു. പുതിയ മണ്ഡലം ഭാരവാഹികളായി റഷീദ് കാറളം (പ്രസിഡന്റ്), കെ.എസ്. പ്രസാദ് (സെക്രട്ടറി) എന്നിവരുള്‍പ്പെടുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.
