ദിശാബോധം പകരാന്‍ ഫിലിം സൊസൈറ്റി പോലുള്ള പ്രസ്ഥാനങ്ങള്‍ക്കു നിര്‍ണായക പങ്കെ്
ഇരിങ്ങാലക്കുട: ഭിന്നിപ്പുകളും അസഹിഷ്ണുതകളും കത്തിക്കാളുന്ന കാലത്തു സമൂഹത്തിനു ശരിയായ ദിശാബോധം പകരാന്‍ ഫിലിം സൊസൈറ്റി പോലുള്ള ബദല്‍ പ്രസ്ഥാനങ്ങള്‍ക്കു ഏറെ പങ്കുവഹിക്കാനുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വാര്‍ഷികയോഗം ഓര്മഹാളില് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക സമൂഹത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന കലാരൂപങ്ങളില്‍ ഒന്നായി സിനിമ മാറിക്കഴിഞ്ഞു. താരങ്ങളുടെ സ്വാധീനം തിരിച്ചറിയുമ്പോള്‍ തന്നെ ബദല്‍ വായനകളും ബദല്‍ സമീപനങ്ങളും ഉണ്ടായിവരുന്നു എന്നതു സന്തോഷകരമാണ്. മനുഷ്യന് എന്ന നിലയിലുള്ള രൂപീകരണത്തിനും ഭാവുകത്വ പരിണാമത്തിനും ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി കൂട്ടായ്മയും ഇതുവഴി കണ്ട സിനിമകളും നിര്‍ണായകമായ സ്വാധീനമാണു തന്റെ സ്കൂള്‍ പഠനകാലത്തു ചെലുത്തിയതെന്നും മന്ത്രി പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് വി.ആര്. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. അഭിനയത്തിനുള്ള സ്പെഷല്‍ ജൂറി പുരസ്കാരം നേടിയ സിജി പ്രദീപിനെ ചടങ്ങില്‍ ആദരിച്ചു. തൃശൂര്‍ ചലച്ചിത്ര കേന്ദ്ര ഡയറക്ടര്‍ ചെറിയാന് ജോസഫ് മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി നവീന്‍ ഭഗീരഥന്, ട്രഷറര്‍ ടി.ജി. സച്ചിത്ത്, എക്സിക്യുട്ടീവ് അംഗം രാധാകൃഷ്ണന്, രക്ഷാധികാരി പി.കെ. ഭരതന്‍മാസ്റ്റര്‍, വൈസ് പ്രസിഡന്റ് മനീഷ് അരിക്കാട്ട്, ജോയിന്റ് സെക്രട്ടറി ജോസ് മാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.