ചേലൂര്‍ കാട്ടിക്കുളം വളവ് നിവര്‍ത്താന്‍ 75 ലക്ഷം, കൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍വേ കഴിഞ്ഞ് അഞ്ചുവര്‍ഷം
ഇരിങ്ങാലക്കുട: പോട്ട മൂന്നുപീടിക സംസ്ഥനപാതയിലെ ചേലൂര്‍ കാട്ടിക്കുളം ഭാഗത്തെ കൈയേറ്റമൊഴിവാക്കി വളവ് നിവര്‍ത്താന്‍ പൊതുമരാമത്ത് വകുപ്പ് 75 ലക്ഷം രൂപയുടെ പദ്ധതി സമര്‍പ്പിച്ചു. റോഡിന്റെ രണ്ടുമീറ്ററോളം ഭാഗമാണ് കുളത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കുളത്തിന്റെ വടക്കുഭാഗത്തെ സംരക്ഷണഭിത്തിയ്ക്കുള്ളില് സര്‍വേ നടത്തി മാര്‍ക്കുചെയ്ത സ്ഥലത്ത് കുളത്തിന്റെ അടിത്തട്ടില്‍നിന്നും പുതിയകെട്ട് നിര്‍മിച്ച് മണ്ണിട്ട് നികത്തി ടാറിടാനാണ് പദ്ധതി. 2017 ല്‍ എംപി ഫണ്ടില്‍നിന്നും ലഭിച്ച ഏഴുലക്ഷം രൂപ ചെലവഴിച്ച് നഗരസഭ കുളത്തിന് ചുറ്റുമതില്‍ നിര്‍മിച്ചപ്പോഴാണ് പ്രതിഷേധം ഉയര്‍ന്നത്. സംസ്ഥാനപാത കൈയേറിയാണ് ചുറ്റുമതില്‍ നിര്‍മിക്കുന്നതെന്നായിരുന്നു പരാതി. ഇതിനെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യപ്രകാരം ജില്ലാ സര്‍വേയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം അളന്ന് കൈയേറ്റം കണ്ടെത്തിയിരുന്നു. കൈയേറ്റം കണ്ടെത്തിയ സ്ഥലത്ത് മാര്‍ക്ക് ചെയ്ത് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ ഇരുവശത്തും കോണ്‍ക്രീറ്റ് കാലുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ അഞ്ചുവര്‍ഷം പിന്നിട്ടിട്ടും കൈയേറ്റം നീക്കി റോഡ് വീതികൂട്ടാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. പോട്ട മൂന്നുപീടിക റോഡില്‍ ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള സ്ഥലമാണ് കാട്ടിക്കുളം ഭാഗം. 16 മീറ്റര്‍ വീതിയുള്ള റോഡില്‍ നിലവില്‍ ഈ ഭാഗത്ത് പത്ത് മീറ്ററോളമാണ് വീതിയെന്ന് പറയുന്നു. നൂറുകണക്കിന് വാഹനങ്ങളാണ് നിത്യവും ഈ റോഡിലൂടെ കടന്നുപോകുന്നത്. കൈയേറ്റങ്ങളൊഴിവാക്കി റോഡിന്റെ വീതികൂട്ടാന്‍ പിഡബ്ല്യുഡി അടിയന്തരമായി നടപടിയെടുക്കണമെന്ന് കാലങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. കൈയേറ്റം ഒഴിവാക്കി റോഡിന് വീതികൂട്ടാന്‍ സര്‍ക്കാരിന് നേരത്തെ പദ്ധതി സമര്‍പ്പിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതേത്തുടര്‍ന്നാണ് മന്ത്രി ആര്. ബിന്ദു ആവശ്യപ്പെട്ടതനുസരിച്ച് പൊതുമരാമത്തുവകുപ്പ് സര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചത്.