ഈ നന്മക്കൊരു ബിഗ് സലൂട്ട്
ഈ മധുരം വാങ്ങൂ…. സ്വപ്ന ഭവന പദ്ധതിക്കായി
പലഹാരങ്ങള്‍ വിറ്റ് നിര്‍ധനയായ സഹപാഠിക്കു ഭവനം നിര്‍മിക്കുന്നു
ഇരിങ്ങാലക്കുട: കൊളസ്ട്രോള്‍ കൂടുമെന്ന് പേടിച്ച് എണ്ണപ്പലഹാരങ്ങള്‍ ഒഴിവാക്കുന്നവരാണെങ്കിലും കലോത്സവവേദിയിലെ കുട്ടികളുടെ തട്ടുകടയില്‍ കയറാതെ പോകരുത്. വേദികളില്‍ നിന്ന് വേദികളിലേക്ക് കാഴ്ച തേടി പായുന്നവര്ക്കിടയിലാണ് മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയായി ഒരു പറ്റം വിദ്യാര്‍ഥികള്‍ ഒരുക്കിയിരുന്ന തട്ടുകടയുള്ളത്. കലോത്സവത്തിലെ പ്രധാന വേദികളിലൊന്നായ ഇരിങ്ങാലക്കുട ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ നടത്തുന്ന ഒരു കുളിര് എന്ന തട്ടുകടയിലാണ് താരപൊലിമയോടെ മധുര പലഹാരങ്ങള്‍ അണിനിരത്തിയിരിക്കുന്നത്. ഈ സ്റ്റാളിലെ മിഠായികളും ഉപ്പിലിട്ട നെല്ലിക്ക, വാഴപ്പിണ്ടി, ലൂബിക്ക, പൈനാപ്പിള്‍ എന്നിവയും മധുര പലഹാരങ്ങളും എണ്ണപലഹാരങ്ങളും വീടുകളില്‍ നിന്നും ഉണ്ടാക്കികൊണ്ടുവന്ന കട്ലെറ്റും പഴംപൊരിയും ചുക്കുകാപ്പിയും വിറ്റാണ് സഹപാഠിക്ക് വീടൊരുക്കുന്നത്. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ നിര്‍ധനരായ 15 സഹപാഠികള്‍ക്ക് ഭവനം നിര്‍മിക്കുന്നുണ്ട്. ആ സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരത്തിനു വേണ്ടിയാണ് ഈ കൈത്താങ്ങ്. ഈ മധുര പലഹാരങ്ങള്‍ക്ക് പോലും താരത്തിളക്കമാണ്. മംഗലശേരി നീലകണ്ഠന് മസാല അടമുതല് താരാദാസ് പപ്പ്സ് വരെയാണ് വിഭവങ്ങളുടെ നിര. കീരിക്കാടന്‍ ജോസ് സവാള വട, ചിത്ര ഗുപ്തന് പരിപ്പുവട, ഹിറ്റ്ലര്‍ മാധവന്‍കുട്ടി കപ്പലണ്ടി മിഠായി തുടങ്ങുന്ന കൗതുകമൂറുന്ന പേരുകളോടെയാണ് പലഹാരങ്ങള്‍ വിതരണം ചെയ്യുന്നത്. ഹിറ്റ് സിനിമ കഥാപാത്രങ്ങളുടെ പേരുകള്‍ നിറഞ്ഞതോടെ കലോത്സവം കാണാന്‍ എത്തിയവര്‍ക്കും ഇത് ഒരു കൗതുകമായി. ഭാസിയായ കുടിവെള്ളവും പാവം ക്രൂരനായ ചുക്ക് കാപ്പിയും, തൊരപ്പന് ഉഴുന്നുവടയും, ഗുണശേഖരനായ ഉണ്ണിയപ്പവുമെല്ലാം പട്ടികയിലെ ഒന്നാം നമ്പറുകാരാണ്. പൊരിവെയിലില്‍ പരവശമകറ്റാനും വിശപ്പടക്കാനും പെണ്കുരുന്നുകള് നടത്തുന്ന തട്ടുകടയെ തേടിയെത്തുന്നവര്‍ ഏറെയാണ്. എന്‍സ്എസ് കോ-ഓര്‍ഡിനേറ്റര്‍ ഇന്ദുകല രാമനാഥന്, പിടിഎ പ്രസിഡന്റ് വി.വി. റാല്‍ഫി, വിദ്യാര്‍ഥികളായ മരിയ, അനന്യ, നിവേദിത, ഫാത്തിമ, ആതിര എന്നിവരാണ് തട്ടുകടക്ക് നേതൃത്വം നല്‍കുന്നത്.
സ്നേഹവും മധുരവും സമൃദ്ധമാക്കി അയ്യപ്പദാസിന്റെ രുചിക്കൂട്ടില്‍ കലോത്സവ സദ്യ
ഇരിങ്ങാലക്കുട: ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഭക്ഷണപന്തലില്‍ എത്തിയാല്‍ ഏവര്‍ക്കും വയറുനിറയെ ഭക്ഷണം കഴിച്ച് മടങ്ങാം. കലോത്സവം മൂന്നുനാള്‍ പിന്നിട്ടിട്ടും പരാതികളോ പരിഭവങ്ങളോ ഇല്ലാതെ മുന്നോട്ടുപോകുന്നത് ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ഊട്ടുപുര മാത്രം. ഇവിടെയെത്തുന്ന മുഴുവന്‍ പേര്‍ക്കും വരിനില്‍ക്കാതെ ഊട്ടുപുരയിലേക്ക് പ്രവേശിക്കാം. ഇരുന്നു കഴിക്കാനും ബുഫേക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. പാചക വിദഗ്ധനായ അയ്യപ്പദാസിന്റെ രുചിക്കൂട്ടുകള്‍ കലോത്സവത്തിനെത്തുന്നവരുടെ വയറും മനസും നിറക്കുകയാണ്. ആറ് കൂട്ടം കറികളും പായസവും രസവും അടങ്ങുന്ന ഗംഭീര സദ്യയാണ് വാഴയിലയില്‍ വിളമ്പിയത്. കലോത്സവത്തിന്റെ രണ്ടും മൂന്നും ദിവസത്തില്‍ 6000 ത്തോളം പേര്‍ക്കുള്ള ഭക്ഷണമാണ് അയ്യപ്പദാസ് ഒരുക്കിയത്. ഓരോ ദിവസവും ഓരോ തരം പായസമായിരിക്കും ഒരുക്കുക. അയ്യപ്പദാസിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചോളം പേര് വരുന്ന സംഘമാണ് കലവറയിലെ കാര്യക്കാര്‍. വിളമ്പാനും മറ്റ് സഹായങ്ങള്‍ക്കുമായി വളണ്ടിയര്‍മാരും ഉണ്ട്. 20 വര്‍ഷത്തോളമായി പാചകരംഗത്ത് പ്രവര്‍ത്തിക്കുന്ന അയ്യപ്പദാസ് കൊടകര സ്വദേശിയാണ്. നേരത്തെ ഗുരുവായൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ നടന്ന ജില്ലാ കലോത്സവങ്ങളില്‍ അയ്യപ്പദാസിന്റെ നേതൃത്വത്തില്‍ ഭക്ഷണം ഒരുക്കിയിട്ടുണ്ട്.