തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളുടെ അമിത വേഗത: എഐവൈഎഫ് പ്രക്ഷോഭത്തിലേക്ക്
ഇരിങ്ങാലക്കുട: തൃശൂര്‍ കൊടുങ്ങല്ലൂര്‍ ബസ്റൂട്ടിലെ സ്വകാര്യ ബസുകളുടെ അമിത വേഗത ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്. ബസുകളുടെ മത്സരയോട്ടങ്ങള്‍ മൂലം ചുരുങ്ങിയ കാലയളവില്‍ തന്നെ നിരന്തരം അപകടങ്ങളാണ് ഈ റൂട്ടില്‍ സംഭവിച്ചിരിക്കുന്നത്. മരണംവരെ സംഭവിച്ചിട്ടും അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ബസുകളുടെ മത്സരയോട്ടങ്ങള്‍ മൂലം പല സ്റ്റോപ്പുകളില്‍ നിര്‍ത്താത്തതും, വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. നിരന്തരമായി എഐവൈഎഫ് ഈ വിഷയങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാത്തത് തുടര്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഈ റൂട്ടില്‍ റോഡ് പണികള്‍ നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഈ സാഹചര്യത്തില്‍ പോലും ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഇടപെടലുകള്‍ നടത്താത്തത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിനെ രക്തക്കളമാക്കുന്ന സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കാനുള്ള നടപടികള്‍ ആര്‍ടിഒ അധികാരികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോപങ്ങളുമായി എഐവൈഎഫ് മുന്നോട്ട് പോകുമെന്ന് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാര്‍, സെക്രട്ടറി ടി.വി. വിബിന് എന്നിവര്‍ അറിയിച്ചു.