പാരമ്പര്യ അരങ്ങുകള്‍ തിരിച്ച് പിടിക്കേണ്ടതുണ്ടെന്ന് വേണുജി

ഇരിങ്ങാലക്കുട: പാരമ്പര്യ അരങ്ങുകള്‍ തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും രംഗകലയുടെ അടിസ്ഥാനം ഗ്രാമങ്ങളിലെ കലാരൂപങ്ങളും അതിന്റെ അവതരണവു മായിരുന്നുവെന്നും കൂടിയാട്ട കുലപതി വേണുജി. തപസ്യകലാസാഹിത്യ വേദി ജില്ലാസമ്മേളനം ഇരിങ്ങാലക്കുട കലാക്ഷേത്ര ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക സാഹിത്യ പുരസ്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. കഥകളി രംഗത്തെ സമഗ്ര സംഭാവനക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടിയ കലാനിലയം രാഘവനാശാനെ സമ്മേളനത്തില്‍ ആദരിച്ചു. സമൂഹമാധ്യമങ്ങളില്‍ തരംഗമായ പുള്ളിമാന്‍ മിഴി എന്ന ഗാനം എഴുതിയ സുകുമാരന്‍ ആശാനേയും കോട്ടായി കാരണവര്‍ വനിതാ കാവടി ചിന്ത് സംഘത്തേയും വേദിയില്‍ ആദരിച്ചു. കവി കല്ലറ അജയന് മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് വിഭാഗ് സഹസംഘചാലക് കെ.ജി. അച്യുതന്, തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, സെക്രട്ടറി സി.സി. സുരേഷ്, ജില്ല ജനറല്‍ സെക്രട്ടറി ടി.എസ്. നീലാംബരന്‍, ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് ഡോ. പ്രദീപ് കുമാര്‍, കെ.കെ. ഷാജു എന്നിവര്‍ പ്രസംഗിച്ചു.
സി. ഉണ്ണികൃഷ്ണന്, തിലകന് കാര്യാട്ടുകര, ജിതിന് ഉദയകുമാര്‍ എന്നിവര്‍ കഥയിലും, കെ.കെ. യതീന്ദ്രന്, ഡോ. വി.വി. ജിജി, ശോഭ ജി. ചേലക്കര എന്നിവര്‍ കവിതയിലും പുരസ്കാരങ്ങള്‍ നേടി.