നൃത്തശോഭയില്‍ മനം കവര്‍ന്നു ശ്രീകൃഷ്ണ വര്ണമയവും പാഠകവും
ഇരിങ്ങാലക്കുട: ശ്രീകൃഷ്ണനെ വാഴ്ത്തി മാഹി കലാര്പിത സ്കൂള്‍ അവതരിപ്പിച്ച നൃത്തവിസ്മയം ഏറെ മനം കവര്‍ന്നു. ശ്രീകൃഷ്ണനെ കുറിച്ചാണ് നൃത്തരൂപത്തില്‍ വേദിയില്‍ അവതരിപ്പിച്ചത്. കൃഷ്ണന്റെ വളര്‍ച്ചയും രാസലീല വിലാസങ്ങളും വെണ്ണ കട്ട് തിന്നുന്നതും കുട്ടിക്കുറുമ്പുകളും കാളിയമര്‍ദ്ദനവും എല്ലാം ഈ നൃത്തശില്പത്തില് അരങ്ങേറി. രാജദമ്പതികളായ വസുദേവനും ദേവകിക്കും അവളുടെ സഹോദരനായ കംസന് തടവിലാക്കിയ സന്ദര്‍ഭത്തിലാണ് ഇവര്‍ക്കു ഭഗവാന് ശ്രീകൃഷ്ണന് ജനിക്കുന്നത്. വസുദേവരുടെയും ദേവകിയുടെയും എട്ടാമത്തെ സന്താനം തങ്ങളുടെ പതനത്തിന് കാരണമാകുമെന്ന് കംസന് അറിയുന്നു. ഏഴു മക്കളെ കംസന് വധിച്ചപ്പോള്‍, രാജാവും രാജ്ഞിയും തങ്ങളുടെ എട്ടാമതായി ജനിച്ച കൃഷ്ണനെക്കുറിച്ച് മറച്ചുവച്ച് അര്‍ധരാത്രിയില്‍ അവനെ ഒരു കൊട്ടയില്‍ വൃന്ദാവനത്തിലേക്ക് കൊണ്ടുപോകുന്നു. അവിടെ യശോദയാണ് കൃഷ്ണനെ വളര്‍ത്തിയത്. ഇതാണ് ശ്രീകൃഷ്ണ വര്ണമയത്തിലെ ഇതിവൃത്തം. ലിയ എന്ന ചെറിയ കുട്ടിയാണ് കുട്ടികൃഷ്ണനായി അവതരിപ്പിച്ചത് 14 കുട്ടികളാണ് ഈ നൃത്തശില്പത്തില് ഉണ്ടായിരുന്നത്. അഭിരാമി, ആദ്യശ്രീ, ശലഭ, ആമി, നൗമിക, ബ്രിന്ദ, അമൃത, മൈഥിലി, ലിയ, നിയ, ശിവദ, ആര്‍ഷ്യ, തന്മയ, ആദിത്യ എന്നിവരാണ് നൃത്ത രംഗത്ത് വേദിയില്‍ ഉണ്ടായിരുന്നത്.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ശ്രീരാജ് നമ്പ്യാര്‍ പാഠകം അവതരിപ്പിക്കുന്നു