കളിച്ചും രസിച്ചും പഠിക്കാന്‍ വള്ളിവട്ടം ഗവണ്മെന്റ് യുപി സ്കൂളില്‍ സ്നേഹക്കൂടാരം ഒരുങ്ങി
കോണത്തുക്കുന്ന് : കളിച്ചും രസിച്ചും പഠിക്കാന്‍ സ്നേഹക്കൂടാരം ഒരുങ്ങി. വാട്ടര്‍ മെട്രോയുടെ മാതൃകയിലുള്ള ക്ലാസ് റൂം, ചുവരില്‍ മനോഹരമായ ചിത്രങ്ങള്‍, കളിക്കാനും പഠിക്കാനും നിറയെ ഇടങ്ങള്‍, പാവകളും വണ്ടികളും ഉള്ള കളിപ്പാട്ടക്കട, മുതലയുടെ മാതൃകയുള്ള ഒരു കുഞ്ഞു കുളം തുടങ്ങി കളിച്ചും രസിച്ചും പഠിക്കാന്‍ നിരവധി ഇടങ്ങള്‍ ഒരുക്കി വള്ളിവട്ടം ഗവണ്മെന്റ് യുപി സ്കൂള്‍. പത്ത് ലക്ഷം രൂപ ഉപയോഗിച്ച് ഒരുക്കിയ സ്നേഹക്കൂടാരത്തിന്റെ ഉദ്ഘാടനം വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് നിര്‍വഹിച്ചു. സ്കൂള്‍ കെട്ടിടത്തിന്റെ രണ്ട് ക്ലാസ് മുറികളും ചുറ്റുപാടുമാണ് ഇതിനുവേണ്ടി പ്രയോജനപ്പെടുത്തിയത്. കളിപ്പാട്ടം പാഠപുസ്തകത്തിലെ 30 ഓളം തീമുകള്‍, കളിയിടം, വരയിടം, സംഗീത ഇടം, ശാസ്ത്ര ഇടം, ഗണിത ഇടം എന്നിങ്ങനെ 13 ഇടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പല വര്‍ണങ്ങളിലുള്ള മനോഹരങ്ങളായ ഇരിപ്പിടങ്ങളാണ് ക്ലാസ് മുറികളില്‍. ഗുണമേന്മയുള്ളതും ശാസ്ത്രീയവുമായ പ്രീസ്കൂള്‍ വിദ്യാഭ്യാസം കുഞ്ഞുങ്ങള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷ കേരളം വര്‍ണ്ണക്കൂടാരം എന്ന പരിപാടി നടപ്പാക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജന ബാബു അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റി പറമ്പില്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. സ്നേഹ കൂടാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം നിന്ന ബിജുമോന്, ലൈജു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വള്ളിവട്ടം ജിയുപി സ്കൂള്‍ പ്രധാന അധ്യാപിക സി.വി. ബീന, സമഗ്ര ശിക്ഷാ കേരളം ഡിപിസി ഡോ. എന്‍.ജെ. ബിനോയ്, വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് ബിപിസി ഗോഡ്വിന് റോഡ്രിഗ്സ്, പിടിഎ പ്രസിഡന്റ് ടി.വി. ജോഷി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.