ഭക്തിയുടെ നിറവില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇല്ലം നിറ ആഘോഷം

ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങ്. തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ആയിരുന്നു ചടങ്ങുകള്‍. കൊയ്തെടുത്ത നെല്‍ക്കതിരുകള്‍ പൂജിച്ചശേഷം രാവിലെ കിഴക്കെ ഗോപുരനടയ്ക്കലുള്ള ആല്‍ത്തറയ്ക്കല്‍ കൊണ്ടുവച്ചു. തുടര്‍ന്ന് നെല്ക്കതിര് പാരമ്പര്യ അവകാശികള്‍ ഗോപുരനടയില്‍ സമര്‍പ്പിച്ച് പൂജനടത്തി. അതിനുശേഷം നെല്ക്കതിര് തലയിലേറ്റി ക്ഷേത്രം ഒരു തവണ പ്രദക്ഷണം ചെയ്ത് ക്ഷേത്രത്തിനകത്തേയ്ക്ക് കൊണ്ടുപോയി. മണ്ഡപത്തില്‍വച്ച് പൂജിച്ച കതിര് ക്ഷേത്രത്തില്‍ ചാര്‍ത്തി. തുടര്‍ന്ന് വാദ്യഘോഷങ്ങളോടെ പത്തായപ്പുരയിലും കൊട്ടിലാക്കല്‍ ദേവസ്വം ഓഫീസിലും നെല്ക്കതിര് കെട്ടി. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് കതിരുകള്‍ വിതരണം ചെയ്തു. നെല്ക്കതിര് വാങ്ങാന്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. കൂടല്‍മാണിക്യം കീഴേ ടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന ഇല്ലംനിറയ്ക്ക് നകരമണ്ണ് നാരായണന് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.
