പഞ്ചായത്തിന്റെ അനാസ്ഥ: മുരിയാട് ടാങ്കറുകളില്‍ വെള്ളമെത്താന്‍ വൈകും പ്രതിഷേധവുമായി കോണ്‍ഗ്രസ്
മുരിയാട്: വേനല്‍ കനത്തതോടെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടാന്‍ പഞ്ചായത്ത് ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നത് പഞ്ചയാത്ത് അധികൃതരുടെ അനാസ്ഥമൂലം വൈകും. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നതോടെ ഇനി കളക്ടറുടെ പ്രത്യേക അനുമതി ലഭിച്ചാല്‍ മാത്രമേ ടാങ്കറുകളില്‍ വെള്ളമെത്തിക്കാന്‍ സാധിക്കുകയുള്ളു. സമീപ പഞ്ചായത്തുകളെല്ലാം നേരത്തെ തന്നെ ഇതിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് വെള്ളം എത്തിച്ചു തുടങ്ങിയെങ്കിലും മുരിയാട് പഞ്ചായത്ത് ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് ഇവിടെ ഇതിനു തടസമായി നില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു. പഞ്ചായത്തിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്നലെ നടന്ന യോഗത്തില്‍ നിന്നും ഇറങ്ങി പോയി. പഞ്ചായത്തിന് മുന്നില്‍ നടത്തിയ ധര്‍ണ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ തോമസ് തൊകലത്ത് ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, ശ്രീജിത്ത് പട്ടത്ത്, കെ. വൃന്ദകുമാരി, ജിനി സതീശന്, നിത അര്ജുനന് എന്നിവര്‍ പ്രസംഗിച്ചു.