ആദ്യം മിനി ബസ്റ്റാന്റില്‍, ഇപ്പോള്‍ റോഡരികില്‍; കെട്ടിട അവശിഷ്ടങ്ങളും മണ്ണും റോഡരികില്‍ തള്ളുന്നത് അപകടസാധ്യതയേറുന്നു
വികസനം ദുരിതത്തിലാക്കരുതേ…….
ആദ്യം മിനി ബസ്റ്റാന്റില്‍, ഇപ്പോള്‍ റോഡരികില്‍; കെട്ടിട അവശിഷ്ടങ്ങളും മണ്ണും റോഡരികില്‍ തള്ളുന്നത് അപകടസാധ്യതയേറുന്നു.
ഇരിങ്ങാലക്കുട: ഠാണാ ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി പൊളിക്കുന്ന കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങളും മണ്ണും നിക്ഷേപിക്കുന്നത് ബൈപ്പാസ് റോഡില്‍. ഇരുചക്രവാഹനമുള്പ്പടെയുള്ളവര് അപകടത്തില്‍ പെടുന്നതിന് സാധ്യതയേറെയാണ്. ബൈപ്പാസ് റോഡിന്റെ ഒരു വശത്താണ് ഇവ നിക്ഷേപിക്കുന്നത്. ആദ്യം മിനി ബസ്റ്റാന്റിലായിരുന്നു മണ്ണും മറ്റു അവശിഷ്ടങ്ങളും നിക്ഷേപിച്ചിരുന്നത്.
എന്നാല്‍ പിന്നീട് അത് നീക്കം ചെയ്തു. ബൈപാസ് റോഡില്‍ ഒരുഭാഗത്ത് അശാസ്ത്രീയമായി തള്ളിയത് വാഹനയാത്രികരെ അപകടത്തിലാക്കുന്നു. ബൈപാസ് റോഡില്‍ മാസ് തിയറ്റര്‍ റോഡിലേക്ക് തിരിയുന്ന ഭാഗം വരെയാണ് റോഡിലേക്ക് തള്ളിയ നിലയില്‍ മണ്ണടിച്ചിരിക്കുന്നത്. ക്രൈസ്റ്റ് കോളജ് ജംഗ്ഷന് മുതല്‍ പൂതംകുളം ജംഗ്ഷന് വരെ കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഭൂരിഭാഗം വാഹനങ്ങളും പോകുന്നത് ബൈപാസ് റോഡിലൂടെയാണ്. തകര്‍ന്ന റോഡും രാത്രിയില്‍ മേഖലയിലെ വെളിച്ചക്കുറവും വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്ന സ്ഥിതിയാണുള്ളത്.
ഏറെ ഗതാഗത തിരക്ക് അനുഭവപ്പെടുന്ന റോഡിലേക്ക് തള്ളി കിടക്കുന്ന തരത്തില്‍ മണ്ണും മറ്റു അവശിഷ്ടങ്ങളും തള്ളിയിരിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് ഇടയാക്കും. ഠാണാ ചന്തക്കുന്ന് വികസനവും ക്രൈസ്റ്റ് കോളജ് ജംഗ്ഷന് മുതല്‍ പൂതംകുളം ജംഗ്ഷന് വരെയുള്ള റോഡ് നിര്‍മാണവും ഇഴഞ്ഞു നീങ്ങുന്നതിനാല്‍ നഗരത്തില്‍ ഏറെ യാത്രാ ദുരിതം അനുഭവിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതിനിടയില്‍ അശാസ്ത്രീയമായ രീതിയിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ വാഹനയാത്രികരുടെ ജീവനെടുക്കുമെന്ന് മേഖലയിലെ വഴിയോര കച്ചവടക്കാര്‍ ആരോപിച്ചു. എത്രയും വേഗം മണ്ണ് ഇവിടെ നിന്നും നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.