കുലീപിനി തീര്‍ഥക്കുളത്തില്‍ പൊഞ്ഞനത്തമ്മയുടെ ആറാട്ട്

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കുലീപിനി തീര്‍ഥക്കുളത്തില്‍ നടന്ന പൊഞ്ഞനം ഭഗവതിയുടെ ആറാട്ട്.
ഇരിങ്ങാലക്കുട: കാട്ടൂര്‍ പൊഞ്ഞനത്തമ്മയ്ക്ക് കൂടല്‍മാണിക്യം കുലീപിനി തീര്‍ഥക്കുളത്തില്‍ ആറാട്ട്. പൊഞ്ഞനം ഭഗവതീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള എട്ടുദിവസത്തെ ഉത്സവത്തില്‍ നാലാംദിവസമാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കുലീപിനി തീര്‍ഥക്കുളത്തില്‍ ആറാട്ട് നടക്കുക. മറ്റു ദിവസങ്ങളില്‍ പൊഞ്ഞനം ക്ഷേത്രക്കുളത്തിലാണ് ആറാട്ട്.
നൂറ്റാണ്ടുകളായി നടന്നുവരുന്ന ഈ ചടങ്ങിന് എല്ലാ ഒരുക്കങ്ങളും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍നിന്നാണ് ചെയ്തുവരുന്നത്. കുംഭമാസത്തിലെ പൂയംനാളിലാണ് തീര്‍ഥക്കടവില്‍ പൂജയും നിവേദ്യവും ആറാട്ട് കുലീപിനി തീര്‍ഥക്കുളത്തിലും നടന്നത്. രാവിലെ ഏഴോടെ ആരംഭിച്ച് ആറാട്ടിനുശേഷം കിഴക്കേ നടപ്പുരയില്‍ മേളം കൊട്ടിയവസാനിച്ച് ഒരു പ്രദക്ഷിണത്തിനുശേഷമാണ് പൊഞ്ഞനത്തമ്മ പുറത്തേക്കെഴുന്നള്ളിയത്.
ചടങ്ങുകള്‍ക്ക് ക്ഷേത്രംതന്ത്രി മണക്കാട് പരമേശ്വരന് നമ്പൂതിരിപ്പാട് നേതൃത്വം നല്കി. കൊച്ചിന് ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മിഷണര്‍ എസ്.ആര്. ഉദയകുമാര്‍, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണര്‍ സുനില്‍ കര്‍ത്ത, പൊഞ്ഞനം ക്ഷേത്രം പ്രസിഡന്റ് തിലകന് തെയ്യശേരി, സെക്രട്ടറി കെ. സതീഷ്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, ഭരണസമിതി അംഗങ്ങളായ അഡ്വ. കെ.ജി. അജയകുമാര്‍, കെ. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.