ബില്യണ്‍ ബീസ് നിക്ഷേപ തട്ടിപ്പ്; പ്രധാന പ്രതിയുടെ സഹോദരന് അറസ്റ്റില്‍

ഇരിങ്ങാലക്കുട: ബില്യണ്‍ ബീസ് സാമ്പത്തിക തട്ടിപ്പില്‍ പ്രധാന പ്രതികളില്‍ ഒരാളായ നടവരമ്പ് കിഴക്കേ വളപ്പില്‍ സുബിന് (37) അറസ്റ്റില്‍. കാരുമാത്ര സ്വദേശി 26533000/ (രണ്ട് കോടി അറുപത്തിയഞ്ച് ലക്ഷത്തി മുപ്പത്തിമൂവായിരം) രൂപ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതായി കാണിച്ച് നല്കിയ പരാതിയിലാണ് അറസ്റ്റ് എന്ന് പോലീസ് പറഞ്ഞു. നടവരമ്പ് കിഴക്കേവളപ്പില്‍ ബിബിന്‍, ഭാര്യ ജൈത, ബിബിന്റെ സഹോദരന് സുബിന് എന്നിവര്‍ ചേര്‍ന്ന് ഷെയര്‍ ട്രേഡിങ്ങ് ബിസിനസ് നടത്തി മാസം തോറും ലാഭവിഹിതം കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് 26533000/ തട്ടിയെടുത്തത്.
ബില്യണ്‍ ബീസ് ഷെയര്‍ ട്രേഡിങ്ങ് തട്ടിപ്പ് നടത്തിയതിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 11 കേസുകളില്‍ നാല് കേസുകളില്‍ സുബിന് പ്രതിയാണ്. ഇതില്‍ ഒരു കേസ് കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തതാണ്. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശിയില്‍ നിന്ന് 2019 ജനുവരി മുതല്‍ 2022 ഒക്ടോബര്‍ മാസം വരെ ഷെയര്‍ ട്രേഡിങ്ങ് നടത്തി ലാഭ വിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2800000/ (ഇരുപത്തിയെട്ട് ലക്ഷം) രൂപ വാങ്ങി 2023 ഒക്ടോബറിന് ശേഷം ലാഭവിഹിതമോ വാങ്ങിയ പണമോ തിരികെ നല്‍കാതെ തട്ടിപ്പ് നടത്തിയതിനാണ് അവിട്ടത്തൂര്‍ സ്വദേശിയുടെ പരാതിയില്‍ ഇന്നലെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഷെയര്‍ ട്രേഡിങ്ങ് തട്ടിപ്പ് നടത്തിയതിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. പ്രതിയായ സുബിന് കോലോത്തുംപടിയില്‍ വന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ മേല്‍നോട്ടത്തില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, സബ് ഇന്‍സ്പെക്ടര്‍മാരായ ദിനേഷ് കുമാര്‍, രാജു, സതീശന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജോഷ്, മുരുകദാസ്, രജീഷ്, സിജു എന്നിവര്‍ ചേര്‍ന്നാണ് സുബിനെ അറസ്റ്റ് ചെയ്തത്.സുബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിന്നീട് കസ്റ്റഡിയില്‍ വാങ്ങി ബാക്കിയുള്ള കേസുകളിലേക്ക് അറസ്റ്റ് രേഖപ്പെടുത്തും. സുബിന് നിക്ഷേപ തട്ടിപ്പു കേസുകളില്‍ രണ്ടാം പ്രതിയാണ്. സുബിന് നിക്ഷേപകനായ ഒരു വ്യക്തിക്കു നല്കുന്ന ശബ്ദ സന്ദേശമാണ് ബില്യണ്‍ ബീസ് നിക്ഷേപ തട്ടിപ്പിന് പിന്നില്‍ കള്ളപ്പണ ഇടപാടും ഉണ്ടെന്നുള്ള സൂചനകള്‍ പുറത്തുവന്നത്.