ചികിത്സയിലായിരുന്ന വൃദ്ധസദനത്തിലെ ഒരു അന്തേവാസികൂടി മരിച്ചു
ഇരിങ്ങാലക്കുട: കോവിഡ് സ്ഥിരീകരിച്ച് വൃദ്ധസദനത്തിലെ അന്തേവാസി മരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുന്‍സിപ്പല്‍ ഓഫീസ് റോഡിലുള്ള വൃദ്ധസദനത്തിലെ അന്തേവാസി എടതിരിഞ്ഞി വിരുത്തിപറമ്പില്‍ പീറ്റര്‍ (83) ആണ് മരിച്ചത്. കാഴ്ച കുറവുള്ള പീറ്റര്‍ കഴിഞ്ഞ 23 വര്‍ഷമായി വൃദ്ധസദനത്തിലാണ് കഴിയുന്നത്. അവിവാഹിതനാണ്. മൃതദേഹം ഇരിങ്ങാലക്കുട മുക്തിസ്ഥാന്‍ ശ്മശാനത്തില്‍ ദഹിപ്പിക്കുകയും തുടര്‍ന്ന് ക്രിസ്തീയ ക്രമപ്രകാരം ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവക കിഴക്കേ സിമിത്തേരിയില്‍ അടക്കം ചെയ്യുകയും ചെയ്തു. ഇരിങ്ങാലക്കുട രൂപതയുടെ ഹൃദയ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ കീഴിലെ പ്രത്യേക സ്ക്വാഡിലുള്ള ഇരിങ്ങാലക്കുട ഇടവകാംഗങ്ങളായ സെന്തില്‍ കൊഴിഞ്ഞിലിക്കാടന്‍, സിജു പുത്തന്‍വീട്ടില്‍, ഫാ. റീസ് വടാശ്ശേരി, ഫാ. സ്റ്റേണ് കൊടിയന്‍ എന്നിവര്‍ പി.പി.ഇ കിറ്റ് അടക്കമുള്ള സുരക്ഷ മുന്‍കരുതലുകളോടെ മൃതശരീരം ഏറ്റുവാങ്ങി ക്രിസ്ത്രീയാചാരപ്രകാരം തിരുകര്‍മ്മങ്ങളോട് കൂടി ഇരിങ്ങാലക്കുട ഇടവക കിഴക്കേ സെമിത്തേരിയില്‍ അടക്കം ചെയ്തു. ഫാ. റാഫേല്‍ പുത്തന്‍വീട്ടില്‍ മൃതസംസ്കാര ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. ഹൃദയ പാലീയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. തോമസ് കണ്ണമ്പിള്ളി, എംഎംബി കോണ്ഗ്രിഗേഷന് വൈസ് പ്രൊവിന്‍ഷല്‍ ബ്രദര്‍ കുര്യക്കോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.