ഒരുപിടി ചാരമാകാന്‍ ചിതയൊരുക്കുകയാണ് പെണ്‍കരുത്തുമായി ഇരിങ്ങാലക്കുടക്കാരി സുബീന റഹ്മാന്
ഒരു പിടി ചാരമാകുക അല്ലെങ്കില്‍ മണ്ണിലേക്ക് മടങ്ങുക എന്നത് ഏതൊരു മൃതദേഹത്തിന്റെയും അവകാശമാണ്
അതിനായി ഇവിടെ ഒരു സ്ത്രീ ശ്മശാനത്തില്‍ പാടുപെടുകയാണ്…
ഒരുപാട് മനുഷ്യര്‍ക്ക് ഒരു പിടി ചാരമാകാന്‍ ചിതയൊരുക്കുകയാണ് ഈ യുവകൂട്ടുകാരി…
ഇരിങ്ങാലക്കുട: വീടു വിട്ടാല്‍ തൊടി വരെ എന്ന കാലം മാഞ്ഞു. പുരുഷന്മാര് പോലും ജോലി ചെയ്യാന്‍ മടിക്കുന്ന പൊതുശ്മശാനത്തില്‍ ജോലി ചെയ്ത് പെണ്‍കരുത്തിന്റെ പ്രതീകമാവുകയാണ് ഇരിങ്ങാലക്കുടക്കാരി കുഴികണ്ടത്തില്‍ വീട്ടില്‍ റഹ്മാന് ഭാര്യ സുബീന റഹ്മാന്. ജീവിതമെന്ന യാഥാര്‍ഥ്യത്തില്‍ പ്രാരാബ്ധങ്ങള്‍ വെല്ലുവിളിയായി മുമ്പില്‍ വന്നപ്പോള്‍ പകച്ചു നില്‍ക്കാതെ തന്നെക്കൊണ്ട് സാധിക്കാത്തതായി ഒന്നുമില്ല എന്ന മനസുറപ്പോടെയാണ് സുബീന ഇരിങ്ങാലക്കുട എസ്എന്‍ബിഎസ് സമാജം വക മുക്തിസ്ഥാനിലെ ജോലിയ്ക്ക് ഇറങ്ങി തിരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടാണ് സുബീന ഈ ജോലിയിലേക്ക് വരുന്നതിന് കാരണമായത്. കല്പണിക്കാരനായ ഭര്‍ത്താവിന് ജോലിയില്‍ നിന്ന് ലഭിക്കുന്ന തുഛമായ വരുമാനം കൊണ്ട് മാത്രം കുടുംബം കഴിഞ്ഞുപോകാന്‍ പറ്റില്ലെന്നു വന്നപ്പോഴാണ് ഭര്‍ത്താവിനെ സഹായിക്കുന്നതിനായി കുടുംബഭാരം പാതി ഏറ്റെടുത്തത്. മരപ്പണിക്കാരനായ ബാപ്പ രണ്ട് വര്‍ഷം മുമ്പ് തെങ്ങില്‍ നിന്നു വീണു പരിക്കേറ്റതിനെ തുര്‍ന്ന് അസുഖബാധിതനായി ജോലിയ്ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഉമ്മയാണ് വീട്ടില്‍ ബാപ്പയെ സഹായിക്കുന്നത്. ബാപ്പയും ഉമ്മയും ഭര്‍ത്താവും ഏക മകനും അടങ്ങുന്നതാണ് സുബീനയുടെ കുടുംബം. മകന് മുഹമ്മദ് ഇര്‍ഷാന്‍ ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരിക്കുന്ന സമയത്താണ് ശ്മശാനത്തില്‍ ജോലിയ്ക്ക് ആളെ എടുക്കുന്നുണ്ടെന്ന് അറിഞ്ഞത്. ഉടന്‍ ശ്മശാന അധികൃതരുമായി സംസാരിച്ചതോടെ ജോലി ലഭിക്കുകയും ചെയ്തു. ഓഫീസ് ജോലിയായിരുന്നു ആദ്യം. മൃതദേഹം കൊണ്ടുവരുമ്പോള്‍ മാത്രം ചില രേഖകള്‍ എഴുതി നല്‍കുക എന്നുള്ളതായിരുന്നു ജോലി. കാര്യമായ ജോലി ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ പിന്നീട് മൃതദേഹം സംസ്കരിക്കുന്നതിനും സഹായിക്കാമെന്നായി. ഈ ജോലിയില്‍ കയറിയതിനുശേഷം കുടുംബത്തെ സഹായിക്കാന്‍ സാധിക്കുകയും ഈ ജോലി ലഭിച്ചതിനു ശേഷം സഹോദരിയുടെ വിവാഹം നടത്താന്‍ സാധിച്ചതായും സുബീന പറഞ്ഞു. ഒരു വര്‍ഷമായി സുബീന ഇവിടെ ജോലി ചെയ്യുന്നു. നല്ല രീതിയിലാണ് ജോലി മുമ്പോട്ട് പോകുന്നതെന്നും താന്‍ വളരെ സന്തോഷത്തോടെയാണ് ജോലി ചെയ്യുന്നതെന്നും കുടുംബം പുലര്‍ത്താന്‍ ഇവിടെ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് സാധിക്കുന്നുണ്ടെന്നും സുബീന പറഞ്ഞു. ജോലിക്കു പ്രവേശിക്കുമ്പോള്‍ ഭര്‍തൃ കുടുംബത്തിന്റെ പിന്തുണ ലഭിച്ചിരുന്നുവെങ്കിലും സ്വന്തം കുടുംബത്തിന്റെ പിന്തുണ ആദ്യം ഒന്നും ഉണ്ടായിരുന്നില്ല. തനിക്കിപ്പോള്‍ 26 വയസ് മാത്രമേ പ്രായമായിട്ടുള്ളൂവെന്നും ഒരു മുസ്ലീം യുവതി ഇതര മതസ്ഥരുടെ ശ്മശാനത്തില്‍ ഇത്തരം ജോലിക്ക് പോകുന്നത് ശരിയല്ലെന്നുമായിരുന്നു പലരും പറഞ്ഞിരുന്നത്. താന്‍ ജോലിയെ ജോലിയായാണ് കരുതുന്നതെന്നും അവിടെ ജാതിക്കോ മതത്തിനോ രാഷ്ട്രീയത്തിനോ സ്ഥാനമില്ലെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു സുബീന. പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതോടെ വിവാഹം നടന്നു. പഠന കാലത്ത് കായിക രംഗത്ത് സ്കൂള്‍ വോളിബോള്‍ ടീം അംഗമായിരുന്നു. ഏത് ജോലിയായാലും സ്ത്രീകള്‍ മുമ്പോട്ട് വരുകയും, പുരുഷന് ചെയ്യുന്ന ജോലി എന്തുകൊണ്ട് സ്ത്രീയ്ക്ക് ചെയ്തുകൂടാ, ചെയ്യാന്‍ പറ്റും എന്ന ദൃഢനിശ്ചയവും സ്ത്രീകളില്‍ ഉണ്ടാകണമെന്ന സന്ദേശമാണ് സുബീന ഇന്നത്തെ സ്ത്രീ തലമുറയ്ക്കായി നല്‍കുന്നത്. ഫോണ്‍-7025699654.