സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചു ചെറുകിട നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കണം: ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികള്‍ക്കു പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യവും വരുമാനവും ഉറപ്പാക്കുന്ന രീതിയില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചു ചെറുകിട നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ 2021 പാസ്ഔട്ട് ബാച്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്നു നിര്‍മിച്ച ഓട്ടോമൊബൈല്‍ ഓപ്പണ്‍ ലാബ് നാടിനു സമര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റാനുള്ള പരിശ്രമങ്ങളില്‍ ഇവിടുത്തെ സാങ്കേതിക വിദ്യാഭാസ സ്ഥാപനങ്ങളിലെ അക്കാദമിക് സമൂഹത്തിനു വലിയ പങ്കുവഹിക്കാനുണ്ടെന്നും ഈയൊരു പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കായി ഒരു ഓപ്പണ്‍ ലാബ് തുറക്കാനുള്ള പരിശ്രമം ഏറെ പ്രശംസനീയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 30 ഓളം വിദ്യാര്‍ഥികളുടെ രണ്ടു മാസത്തെ കഠിനാധ്വാനത്തിലൂടെ 750 ച. അടി. വിസ്തീര്‍ണത്തിലായി പൂര്‍ത്തിയാക്കിയിരിക്കുന്ന ലാബില്‍ പൊതുജനങ്ങള്‍ക്കും പഠിതാക്കള്‍ക്കും വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദമായി മനസിലാക്കാന്‍ കഴിയും. ടാറ്റ സുമോ, 407 എന്നിവയുടെ ഷാസി, ബിഎം ഡബ്ല്യു കാര്‍ എന്ജിന്, ബിഎം ഡബ്ല്യു ഗിയര്‍ ബോക്സ്, ടൊയോട്ട 1 സി എന്ജിന് തുടങ്ങിയവ ലാബിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്. വാഹനങ്ങളുടെ സ്റ്റിയറിംഗ് സിസ്റ്റം, സസ്പെന്ഷന് സിസ്റ്റം, ബ്രേക്കിംഗ് സിസ്റ്റം, ട്രാന്സ്മിഷന് സിസ്റ്റം, കൂളിംഗ് സിസ്റ്റം എന്നിവ സന്ദര്‍ശകര്‍ക്കായി ലാബില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വാഹന ഭാഗങ്ങള്‍ സ്വയം അഴിച്ചുനോക്കി മനസിലാക്കാന്‍ സഹായകരമായ രീതിയില്‍ സജീകരിച്ചിരിക്കുന്ന വര്‍ക്ക് ടേബിള്‍ ഓപ്പണ്‍ ലാബ് സന്ദര്‍ശിക്കുന്ന വാഹന പ്രേമികള്‍ക്കു പുതിയ അനുഭവമായിരിക്കും നല്‍കുക. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി, ക്രൈസ്റ്റ് ആശ്രമാധിപന് ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട് തുടങ്ങിയവര്‍ സന്നിഹിതരായി. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവൃത്തി സമയത്തു പൊതുജനങ്ങള്‍ക്കു ലാബ് സന്ദര്‍ശിക്കാവുന്നതാണ്.