സംസ്കാര സാഹിതി പീഡിതര്‍ക്കൊപ്പം -എം.പി. ജാക്സണ്

സംസ്കാരസാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഭരണകൂടത്തിന്റെ പ്രവണതകള്‍ക്കെതിരെ കലാവിഷ്കാരങ്ങളിലൂടെ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്നതിന്റെ പേരില്‍ ഒറ്റപ്പെടുത്തലും വേട്ടയാടലും നേരിടേണ്ടി വരുന്നവര്‍ക്കൊപ്പമാണ് സംസ്കാരസാഹിതി നിലയുറപ്പിക്കുകയെന്ന് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ്. സംസ്കാരസാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങും അംഗത്വ വിതരണവും ഉദ്ഘാടനം ചെയയ്ുകയായിരുന്നു അദ്ദേഹം.
അനീതിക്കെതിരെ ജനങ്ങളുടെ ശബ്ദമാകേണ്ട എഴുത്തുകാര്‍ നിശബ്ദരാക്കപ്പെടുന്ന കാലഘട്ടത്തില്‍ ശക്തമായ പ്രതിപക്ഷസ്വരമായി മാറാന്‍ സംസ്കാരസാഹിതിക്ക് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്കാരസാഹിതി നിയോജക മണ്ഡലം ചെയര്മാന് അരുണ്‍ ഗാന്ധിഗ്രാം അധ്യക്ഷത വഹിച്ചു. ജില്ല ചെയര്മാന് ഗിന്നസ് സത്താര്‍ അടൂര്‍, ജില്ല കണ്‍വീനര്‍ അനില്‍ സാമ്രാട്ട് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
മുന്‍ എം.പി. സാവിത്രി ലക്ഷ്മണന്, മുന്‍ നഗരസഭ അധ്യക്ഷ സോണിയ ഗിരി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോന് മണാത്ത്, നിയോജക മണ്ഡലം കണ്‍വീനര്‍ എം.ജെ. ടോം, കോണ്‍ഗ്രസ് കയ്പമംഗലം ബ്ലോക്ക് പ്രസിഡന്റ് സുനില്‍ മേനോന്, സംസ്കാരസാഹിതി ജനറല്‍ സെക്രട്ടറി ഷൈനി പനോക്കില്‍ എന്നിവര്‍ സംസാരിച്ചു. സംസ്കാരസാഹിതിയുടെ നിയോജക മണ്ഡലം ചെയര്മാന് അരുണ്‍ ഗാന്ധിഗ്രാം, കണ്‍വീനര്‍ എം.ജെ. ടോം, ട്രഷറര്‍ എ.സി. സുരേഷ് എന്നിവരടക്കം മുപ്പതംഗ നിയോജക മണ്ഡലം കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.
