‘പൊതു ഇടങ്ങളും വീടുകളും വയോജന സൗഹൃദമാക്കണം’-നിപ്മർ
കല്ലേറ്റുംകര: പൊതു ഇടങ്ങളും വീടുകളും വയോജന സൗഹൃദമാക്കണമെന്നു ലോക വയോജനദിനത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) നടന്ന സെമിനാർ വിലയിരുത്തി. വയോജനങ്ങളെ ഡിജിറ്റൽ ലോകത്തേയ്ക്കു കൈപിടിച്ച് ഉയർത്താനുള്ള ശ്രമങ്ങൾ യുവജന സമൂഹം ഉത്തരവാദിത്തമായി കാണണമെന്നും സെമിനാറിൽ സംസാരിച്ച വിദഗ്ധർ ആവശ്യപ്പെട്ടു. നിപ്മർ എക്സിക്യുട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. പ്രായമായവരെ ഒറ്റപ്പെടുത്താത്ത സാഹചര്യമുണ്ടാകണമെന്നും യുവജനങ്ങളുമായി സംവദിക്കാൻ അവസരമുണ്ടാക്കണമെന്നും കോസ്റ്റ് ഫോഡ് ആർക്കിടെക്റ്റ് കെ.ജി. ദേവപ്രിയൻ പറഞ്ഞു. ഇതിനായുള്ള പശ്ചാത്തല സംവിധാനങ്ങളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങളെ ഡിജിറ്റൽ മേഖലയിലെത്തിക്കുമ്പോൾ അറിവും അനുഭവങ്ങളും കൂടിയാണു കൈമാറ്റം ചെയ്യപ്പെടുകയെന്നു നിപ്മർ സീനിയർ കൺസൾട്ടന്റ് ഫിസിയാട്രിസ്റ്റ് ഡോ. സന്തോഷ് ബാബു പറഞ്ഞു. ഒക്യൂപേഷണൽ തെറാപ്പി സമഗ്ര ജീവിതത്തിലേയ്ക്കുള്ള വഴി എന്ന വിഷയത്തിൽ നിപ്മർ ബിഒടി പ്രിൻസിപ്പൽ ദീപ സുന്ദരേശൻ ക്ലാസ് നയിച്ചു. വയോജനങ്ങൾക്കുള്ള നൂതന സാങ്കേതികവിദ്യ എന്ന വിഷയത്തിൽ നിപ്മർ ഫിസിയാട്രിസ്റ്റ് ഡോ. സിന്ധു വിജയകുമാർ ക്ലാസ് നയിച്ചു. വയോജനങ്ങളുടെ പെരുമാറ്റം മാറ്റാൻ ശ്രമിക്കാതെ അവർക്കൊപ്പം സഹജീവിക്കാൻ യുവജനത മനസു കാണിക്കണമെന്ന സന്ദേശമുയർത്തി ഒക്യൂപേഷണൽ തെറാപ്പി വിദ്യാർഥികൾ അവതരിപ്പിച്ച സ്കിറ്റ് ശ്രദ്ധേയമായി. അക്കാദമിക് ഓഫീസർ ഡോ. കെ.എസ്. വിജയലക്ഷ്മി അമ്മ, സോഷ്യൽ വർക്കർ സി. ജെസ്ന എന്നിവർ പ്രസംഗിച്ചു.