പ്രഫ. മാമ്പുഴ കുമാരന് ഇനി ഓര്‍മ്മ; വിട നല്‍കിയത് ഔദ്യോഗിക ബഹുമതികളോടെ
ഇരിങ്ങാലക്കുട: മലയാള സാഹിത്യത്തിലെ നിരൂപണരംഗത്തും ഇരിങ്ങാലക്കുടയിലെ സാംസ്കാരിക രംഗത്തും ആറ് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന പ്രഫ. മാമ്പുഴ കുമാരന് ഇനി ഓര്‍മ്മ. നിറകണ്ണുകളോടെയാണ് സര്‍ക്കാരിന് വേണ്ടി ശിഷ്യ കൂടിയായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അന്തിമോപചാരം അര്‍പ്പിച്ചത്.
സമൂഹത്തിലെ നാനാതുറയിലുള്ളവര്‍ അന്തിമോപചാരമര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേനട എംജി റോഡിലെ വരദ എന്ന വീട്ടിലാണ് രാവിലെ പതിനൊന്നരയോടെ സംസ്ക്കാര ചടങ്ങുകള്‍ നടന്നത്. കേരള പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പ്രഫ. മാമ്പുഴ കുമാരന് അന്തിമ വിട നല്‍കിയത്.
മുകുന്ദപുരം തഹസില്‍ദാര്‍ സിമീഷ് സാഹു ജില്ലാ കളക്ടര്‍ക്ക് വേണ്ടിയും കവി രാവുണ്ണി സാഹിത്യ അക്കാദമിക്ക് വേണ്ടിയും റീത്ത് സമര്‍പ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന്, എഴുത്തുകാരന് അശോകന് ചരുവില്‍, മുന്‍ എംപി പ്രഫ. സാവിത്രി ലക്ഷ്മണന്, കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്, കൂടല്‍ മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. കെ.എ. ഗോപി തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.