യുവ ഗവേഷകയ്ക്ക് ഓസ്ട്രേലിയന്‍ ഗവണ്മെന്റിന്റെ ഗോബല്‍ ടാലന്റ് വിസ
ഇരിങ്ങാലക്കുട: ഓസ്ട്രേലിയന്‍ ഗവണ്മെന്റ് പ്രഖ്യാപിച്ച ഗ്ലോബല്‍ ടാലന്റ് വിസ മുഖേനയുള്ള പെര്‍മനന്റ് റെസിഡന്സിയ്ക്ക്ു കൊച്ചുറാണി കെ. ജോണ്സണ് അര്‍ഹയായി. ഇരിങ്ങാലക്കുട കണ്ടംകുളത്തി ജോണ്സണ്-അന്നംകുട്ടി ദമ്പതികളുടെ മകളാണ്. വരാക്കര എടപ്പാട്ട് കുടുംബാംഗവും സിഡ്നിയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറുമായ ജിന്‍സ് ജോര്‍ജ് ആണ് ഭര്‍ത്താവ്. ആല്‍ബര്‍ട്ട് ജിന്‍സ് മകനുമാണ്. ഓസ്ട്രേലിയയുടെ ഈ ഹയ്ലി കോംമ്പിറ്റേറ്റീവ് ആന്‍ഡ് ഫാസ്റ്റ് ട്രാക്ക്ഡ് പെര്‍മനന്റ് റസിഡന്‍സി പ്രോഗ്രാമിനാണു കൊച്ചുറാണിയും കുടുംബവും അര്‍ഹരായിരിക്കുന്നത്. തന്റെ ഗവേഷണ മേഖല ഉള്‍പ്പെടുന്ന ‘ഹെല്‍ത്ത് ഇന്‍ഡസ്ട്രീസ്’ സെക്ടറിലാണ് ഇതിനായി പരിഗണിക്കപ്പെട്ടത്. ഓസ്ട്രേലിയയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിലെ മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിഗ് വിഭാഗത്തിലെ സയന്റിയ പിഎച്ച്ഡി സ്കോളര്‍ ആണ് കൊച്ചുറാണി. കാന്‍സര്‍ കോശങ്ങളെ പ്രത്യേക വിധമായി നശിപ്പിക്കാന്‍ കഴിവുള്ള നാനോപാര്‍ട്ടിക്കിളുകള്‍ വഴിയായി കാന്‍സറിനെ അതിന്റെ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുകയും അതേസമയം കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുവാനും കഴിയുന്ന നാനോതെറനോസ്റ്റിക്സ് ആണ് കൊച്ചുറാണിയുടെ ഗവേഷണ മേഖല. പ്രഫ. ചാള്‍സ് ക്രിസ്റ്റഫര്‍ സോറലിന്റെ കീഴിലാണ് ഈ ഗവേഷണം മുന്നോട്ടു പോകുന്നത്. കൂടാതെ വിവിധ ശാസ്ത്ര ശാഖകളെ ഏകീകരിച്ചുള്ള ഈ ഗവേഷണം വഴിയായി മെഡിസിന്, ബയോമെറ്റീരിയല്‍ എന്‍ജിനീയറിംഗ്, കെമിസ്ട്രി എന്നീ മേഖലകളിലെ ലോകപ്രശസ്തരായ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടവും കൊച്ചുറാണിക്ക്ു ലഭിക്കുന്നു. ഈ ഗവേഷണത്തിലൂടെ വികസിപ്പിക്കുന്ന നാനോമെഡിസിന് വഴിയായി കാന്‍സര്‍ ട്രീറ്റ്മെന്റിന്റെ പാര്‍ശ്വഫലങ്ങളെ ഒരു പരിധിവരെ ഒഴിവാക്കാനും സാധിക്കും. ബയോടെക്നോളജിയില്‍ ബിരുദവും (സെന്റ് ജോസഫ്സ് കോളജ്, ഇരിങ്ങാലക്കുട) ബിരുദാനന്തര ബിരുദവും (കുസാറ്റ്) നേടിയതിനു ശേഷം ഇന്ത്യയിലെ വിവിധ റിസര്‍ച്ച് സ്ഥാപനങ്ങളില്‍ കാന്‍സര്‍ റിസര്‍ച്ച് ഉള്‍പ്പെടെയുള്ള ഗവേഷണ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ജൂണിയര്‍ റിസര്‍ച്ച് ഫെല്ലോ ആയിട്ടായിരുന്നു കാന്‍സര്‍ ഗവേഷണ മേഖലയിലേക്കുള്ള ആദ്യചുവടുവെയ്പ്പ്. 2018 ല്‍ യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിലെ പ്രശസ്തമായ സയന്റിയ പിഎച്ച്ഡി സ്കോളര്‍ഷിപ്പിന് അര്‍ഹത നേടി. തങ്ങളുടെ ഗവേഷണ മേഖലയില്‍ കഴിവു തെളിയിച്ച ലോകത്തിലെ ചുരുക്കം ചില ഗവേഷകര്‍ക്കു നല്കപ്പെടുന്നതായിരുന്നു ഈ സ്കോളര്‍ഷിപ്പ്. പിഎച്ച്ഡി പഠനത്തിനായുള്ള തുക കൂടാതെ ഓസ്ട്രേലിയയിലെ ജീവിത ചെലവുകള്‍, ഇന്റര്‍നാഷണല്‍ യാത്രകള്‍ക്കായുള്ള ചെലവുകള്‍, പ്രഫഷണല്‍ ഡെവലപ്മെന്റ് എന്നിവയ്ക്കായി രണ്ടു കോടിയോളം രൂപയാണ് ഈ സ്കോളര്‍ഷിപ്പ് വഴിയായി ലഭിച്ചത്. ഈ പ്രത്യേക സ്കോളര്‍ഷിപ്പിന്റെ ഭാഗമായതു ഗ്ലോബല്‍ ടാലന്റ് വിസയിലേക്കുള്ള കൊച്ചുറാണിയുടെ യാത്ര സുഗമമാക്കി. ഗവേഷണഫലമായി അന്തര്‍ദേശീയ സയന്റിഫിക് ജേണലുകളില്‍ പ്രസിദ്ധീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. വിവിധ ഇന്റര്‍നാഷണല്‍ സയന്റിഫിക് ഓര്‍ഗനൈസേഷന്‍സിന്റെ ഭാഗവുമാണ്. തന്റെ പ്രവര്‍ത്തന മേഖലയായ കാന്‍സര്‍ റിസര്‍ച്ച് ഫീല്‍ഡില്‍ തന്നെ തുടര്ഗവേഷണവുമായി മുന്നോട്ടു പോകുവാനാണു കൊച്ചുറാണി ആഗ്രഹിക്കുന്നത്.