ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല സ്കൂള്‍ പ്രവേശനോത്സവ ഉദ്ഘാടനം നിര്‍വഹിച്ചു

കരയല്ലേ മുത്തേ...കരയല്ലേ.. ഇതാ മധുരം....മാടായിക്കോണം പി.കെ. ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ ആദ്യദിനത്തില്‍ കരയുന്ന കുരുന്ന് ആരവിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു മധുരം നല്കി കരച്ചില് മാറ്റിയപ്പോള്‍.....
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല സ്കൂള്‍ പ്രവേശനോത്സവ ഉദ്ഘാടനം മാടായിക്കോണം പി.കെ. ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ ഗവ യുപി സ്കൂളില്‍ വച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ബഹുദൂരം മുന്‍പിലാണെന്ന് മന്ത്രി പറഞ്ഞു. അന്തര്‍ദേശീയ നിലവാരത്തിലുള്ള കെട്ടിടങ്ങളും സ്റ്റാര്‍സ് പദ്ധതിയിലുള്‍പ്പെടുത്തിയ വര്‍ണക്കൂടാരം പോലുള്ള പദ്ധതികളും മികച്ച ഭൗതിക സാഹചര്യവും കുട്ടികള്ക്കൊരുക്കുന്നതില് സര്‍ക്കാരും സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്.
ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശം എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളെ മികച്ച രീതിയിലാക്കുന്നത്. നവകേരളത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ കെല്പ്പുള്ളവരായി വിദ്യാര്‍ഥികളെ രൂപീകരിച്ചെടുക്കുക എന്നതാണ് എല്ലാവരും ചേര്‍ന്ന് ഏറ്റെടുക്കുന്ന ദൗത്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ച സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങ് വേദിയില്‍ തത്സമയം പ്രദര്‍ശിപ്പിച്ചു. സ്കൂള്‍ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. മധുര വിതരണവും ഉണ്ടായി.
പ്രവേശനോത്സവത്തിനോടനുബന്ധിച്ച് നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ നവാഗതരായ ഒന്നാം ക്ലാസിലെയും എല്‍കെജിയിലെയും വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ വിശിഷ്ടാതിഥിയായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി, സ്കൂള്‍ പ്രധാന അധ്യാപിക ഇ.ടി. ഷെല്‍ബി, ഇരിങ്ങാലക്കുട ബിപിസി കെ.ആര്. സത്യപാലന്, പിടിഎ പ്രസിഡന്റ് സനീഷ് നടയില്‍, എംപിടിഎ പ്രസിഡന്റ് അശ്വതി ശരത്, സ്റ്റാഫ് സെക്രട്ടറി, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.