ഠാണാ – ചന്തക്കുന്ന് റോഡ്, ദുരിതത്തിലായി വ്യാപാരികളും കാല്‍നടക്കാരും

ഠാണ- ചന്തക്കുന്ന് റോഡില്‍ പൈപ്പിട്ടുമൂടിയ ഭാഗത്ത് കുഴികള്‍ രൂപപ്പെട്ട് ചെളിയായി കെട്ടിനില്‍ക്കുന്ന അവസ്ഥയില്‍.
ഇരിങ്ങാലക്കുട: ഠാണ – ചന്തക്കുന്ന് റോഡില്‍ കുടിവെള്ള പൈപ്പിടാനെടുത്ത കുഴിമൂടിയെങ്കിലും വ്യാപാരികളും കാല്‍നടക്കാരും ദുരിതത്തിലായി. റോഡിന്റെ വശത്ത് വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലായി ഇത്തരത്തില്‍ കുഴിയെടുത്തത് വ്യാപാരികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. തൃശൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായിട്ടാണ് ഠാണ – ചന്തക്കുന്ന് റോഡില്‍ കെഎസ്ടിപി കുടിവെള്ള പൈപ്പിടുന്നതിനായി കുഴിയെടുത്തത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചന്തയില്‍ പണിപൂര്‍ത്തിയാകുന്ന ജലസംഭരണിയിലേക്കുള്ള വാട്ടര്‍ അഥോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനും ഇതോടൊപ്പം ഇടുന്നുണ്ട്. ഠാണ – ചന്തക്കുന്ന് റോഡില്‍ ബിഷപ് ഹൗസിന് എതിര്‍വശത്താണ് കുഴിയെടുത്തത്. അധികൃതരെത്തി പൈപ്പിട്ട് കുഴിമൂടിയെങ്കിലും ദുരിതം അവസാനിക്കുന്നില്ല. പ്രദേശത്ത് ആകെ ചെളി നിറഞ്ഞിരിക്കുകയാണ്. പലിയത്തും പൈപ്പിടുന്നതിനായുള്ള പൈപ്പുകള്‍ കൊണ്ടുവന്നിട്ടതു കാല്‍നടക്കാര്‍ക്ക് ഏറെ ദുരിതമായിരിക്കുകയാണ്.
