റോഡുകളില്‍ താത്കാലികമായി കുഴിയടച്ച് നഗരസഭ, മഴ പെയ്തതോടെ വീണ്ടു കുഴികളായി

കഴിഞ്ഞ ദിവസം കരിങ്കല്‍പ്പൊടിയും മെറ്റലും ഇട്ട് കുഴികളടച്ച ബൈപ്പാസ് റോഡില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വീണ്ടും കുളമായപ്പോള്‍.
ഇരിങ്ങാലക്കുട: തകര്‍ന്നുകിടക്കുന്ന റോഡുകളിലെ കുഴികളില്‍ തട്ടിക്കൂട്ടുപണി നടത്തി താത്കാലികമായി കുഴികളടച്ച് നഗരസഭ. നഗരത്തിലെ പ്രധാന റോഡുകളായ ബസ് സ്റ്റാന്‍ഡ്- എകെപി ജംഗ്ഷന് റോഡ്, ബൈപാസ് റോഡ്, ക്രൈസ്റ്റ് കോളജ് റോഡ്, മാസ് റോഡ്, ഫയര്സ്റ്റേഷന് റോഡ്, ഫാ. ഡിസ്മസ് റോഡ് എന്നിവിടങ്ങളിലാണ് മെറ്റലും പാറപ്പൊടിയും അടങ്ങുന്ന മിശ്രിതമിട്ട് കുഴികളടയ്ക്കാന്‍ തുടങ്ങിയത്. കഴിഞ്ഞദിവസം എകെപി ജംഗ്ഷന് റോഡില്‍ മെറ്റലും കരിങ്കല്പ്പൊടിയുമിട്ട് കുഴികള്‍ അടച്ചിരുന്നെങ്കിലും പിന്നീടു പെയ്ത മഴയില്‍ മണ്ണും മെറ്റലും നീങ്ങി വീണ്ടും കുഴികളായി. മഴ മാറിയാല്‍ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ പൂര്‍ണമായും നന്നാക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അറിയിച്ചു.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പണി ഉടന്‍ ആരംഭിക്കും. ബസ് സ്റ്റാന്‍ഡ്- എകെപി ജംഗ്ഷന് റോഡില്‍ വെള്ളക്കെട്ടുള്ള ഭാഗം ടൈലിട്ടുയര്ത്തി പ്രശ്നം പരിഹരിക്കുമെന്നും സാങ്കേതികതടസങ്ങള്നീക്കി അതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ചെയര്‍പേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു. കാലങ്ങളായി കുഴികളായിക്കിടന്നിരുന്ന റോഡുകളില്‍ മഴക്കാലമാരംഭിച്ചതോടെ സ്ഥിതി മോശമായി. യാത്ര മുന്പത്തെക്കാളും ദുസഹമായി. ഇതിനെതിരേ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ സമരവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് തനതുഫണ്ടില്‍നിന്ന് ഒന്നരലക്ഷം രൂപ ചെലവഴിച്ച് റോഡുകളിലെ കുഴിയടയ്ക്കല്‍ നഗരസഭ ആരംഭിച്ചത്.
