പടിയൂര്‍ ഇരട്ട കൊലപാതകം; പ്രചോദനമായി റീയൂണിയന് പ്രേമം, കാമുകിക്കൊപ്പം ജീവിക്കാന്‍ അന്ന് ആദ്യ ഭാര്യയെ കൊന്നു

പ്രേംകുമാര്‍ ഇരിങ്ങാലക്കുട വനിത സ്റ്റേഷനില്‍ എത്തിയപ്പോഴുള്ള സിസിടിവി ദൃശ്യം.
ഇരിങ്ങാലക്കുട: കാമുകിക്കൊപ്പം ജീവിക്കാന്‍ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയയാളാണ് പ്രതി പ്രേംകുമാര്‍. ഈ കേസിന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല. ജാമ്യത്തിലിറങ്ങിയശേഷമാണു രേഖയ്ക്കൊപ്പം താമസമാക്കിയത്. 2019 സെപ്റ്റംബര്‍ 20 നായിരുന്നു പ്രേംകുമാര്‍ ആദ്യ ഭാര്യ ചേര്‍ത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് വിദ്യ(48)യെ കൊലപ്പെടുത്തിയത്. 25 വര്‍ഷത്തിന് ശേഷം സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്ത് ഒരുമിച്ചു കൂടി. അവിടെ വച്ച് പരിചയത്തിലായ ഹൈദരാബാദില്‍ ജോലി ചെയ്തിരുന്ന സഹപാഠി തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലന്‍വിള സുനിത ബേബി (39) യുമായി ഇയാള്‍ പ്രണയത്തിലായി.
പിന്നീട് ദ്യശ്യം മോഡലിലായിരുന്നു കൊലപാതകം നടന്നത്. കാമുകി ജീവിതത്തിലേക്ക് വന്നതോടെ വിദ്യയെ എങ്ങനെ എങ്കിലും ഒഴിവാക്കാന്‍ പ്രേംകുമാര്‍ തക്കം പാര്‍ത്തിരുന്നു. വിദ്യയ്ക്ക് മുമ്പ് ഒരു വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. കാമുകിയുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് വച്ച് വിദ്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വാഹനത്തില്‍ കയറ്റി തിരുനെല്‍വേലിയില്‍ കൊണ്ടുപോയി പൊന്തക്കാട്ടില്‍ കുഴിച്ചുമൂടുകയായിരുന്നു. അതിന് ശേഷമാണ് പ്രേംകുമാര്‍ ഉദയംപേരൂര്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.
വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിച്ചതിനു ശേഷമാണ് കൊലനടത്തിയതും പരാതി നല്കിയതും. മൃതദേഹം മുറിച്ച് കഷ്ണങ്ങളാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രക്തം ചീന്തിയപ്പോള്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കാമുകിക്കൊപ്പം താമസിക്കാനാണ് ഭാര്യയെ കൊന്നതെന്ന് പ്രേംകുമാര്‍ മൊഴി നല്കി. ഡിസംബര്‍ 11 ന് ഇയാളുടെയും സുനിതയുടെയും അറസ്റ്റിനുശേഷം തിരുനെല് വേലിയില്‍നിന്ന് വിദ്യയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് വീട്ടുകാരുമായി ബന്ധം പുലര്‍ത്തിയിട്ടില്ല.
വിവാഹതട്ടിപ്പുകാരിയാണ്, ഇവള് കൊല്ലപ്പെടേണ്ടവള്‍ തന്നെ’ ഈ ഭീഷണി കത്ത് കുടുക്കി
രേഖയുടെ സ്വഭാവത്തെ വിമര്‍ശിച്ചുള്ളതും ഇവള് കൊല്ലപ്പെടേണ്ടവള്‍ എന്നുള്ള സൂചനയും നല്കുന്ന കത്ത് മൃതദേഹങ്ങള്ക്കരില് നിന്നും ലഭിച്ചത് ഇരുവരുടെയും മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്താന്‍ പോലീസിനു നിര്‍ണായകമായി. ഈ കത്ത് പ്രേംകുമാര്‍ എഴുതിയതായാണ് കരുതുന്നത്. രേഖയും പുരുഷ സുഹൃത്തും തമ്മിലുള്ള ചിത്രങ്ങള്‍ മരിച്ച രേഖയുടെ മൃതദേഹത്തിലെ വസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. രേഖയുടെ ആദ്യ വിവാഹ ചിത്രവും പ്രേംകുമാറുമായുള്ള വിവാഹ ചിത്രവും രേഖയുടെ സുഹൃത്തായ അധ്യാപകന്റെ ചിത്രവുമാണ് കുത്തിവച്ചിരുന്നത്. വീട്ടിലെ പിന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ഇതുവഴിയാണ് പ്രതി വീട്ടില്‍ കടന്നതും കൃത്യം നടത്തിയ ശേഷം പോയതുമെന്നാണ് കരുതുന്നത്. പ്രേംകുമാറിനൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന് രേഖ പോലീസില്‍ അറിയിച്ചിരുന്നു. ഇത് സംശയങ്ങള്‍ക്ക് ആക്കംകൂട്ടി.
ആദ്യം കൊല്ലപ്പെട്ടത് രേഖ, കഴുത്തില്‍ ഞെക്കി ശ്വസം മുട്ടി മരിച്ചതാകാമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്
കഴുത്തില്‍ ഞെക്കി ശ്വാസം മുട്ടി മരിച്ചതാകാമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. ആദ്യം മരിച്ചത് രേഖയാണ്. കഴുത്തില്‍ കൈകൊണ്ട് ഞെക്കി പിടിച്ചതിന്റെ സൂചനകളുണ്ട്. രേഖയുടെ മരണത്തിനു മണിക്കൂറുകള്‍ക്കു ശേഷമാണ് അമ്മ മണിയുടെ മരണം നടന്നിരിക്കുന്നത്. അതും ശ്വാസം മുട്ടി മരിച്ചതാണ്. ആറ് വാരിയെല്ലുകള്‍ക്ക് പരിക്കുണ്ട്. ഇത് സാരമായ പരിക്കുകളാണെങ്കിലും ബലപ്രയോഗം നടന്നതിന്റെ സൂചനകളാണ്. കനത്ത മഴപെയ്ത ദിവസങ്ങളില്‍ കൊലപാതകം നടന്നുവെന്നാണ് കരുതുന്നത്. യാതൊരു വിധ ബഹളങ്ങളും കനത്തമഴയുടെ ശബ്ദത്തില്‍ പുറത്തറിയുകയില്ല. ആദ്യ ഭാര്യയെ കൊന്നത് കഴുത്തറുത്താണെങ്കില് രണ്ടാം ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്നത് കഴുത്ത് ഞെരിച്ചാണെന്ന് ഇതോടെ വ്യക്തമായി.
ജാമ്യത്തിലിറങ്ങി ഇരട്ടക്കൊല, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
പടിയൂരിലെ ഇരട്ടകൊലപാതക കേസിലെ പ്രതിയെന്നു കരുതുന്ന പ്രേംകുമാറിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം മുതല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇയാള്‍ സംസ്ഥാനം വിടുവാനുള്ള സാധ്യതയുള്ളതായി സൂചനകളുണ്ട്. മൊബൈല്‍ ടവര്‍ ലോക്കേഷനുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. പ്രേംകുമാറിന്റെ സ്വദേശമായ കോട്ടയത്തും ബന്ധുവീടുകളിലും സഹപാഠികളെയും കേന്ദ്രീകരിച്ചു പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇയാളെ സഹായിച്ചവരും അന്വേഷണ പരിധിയിലുണ്ട്.
ഈ കേസില്‍ ജാമ്യത്തിലായിരുന്നു പ്രേംകുമാര്‍. ഇതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകവും നടത്തിയത്. യാതൊരു വിധത്തിലുള്ള തെളിവുകളും നല്‍കാതെയാണ് കൊലപാതകം നടന്നിരിക്കുന്നത്. കൊലപാതകം എങ്ങിനെ നടത്തിയെന്ന് വ്യക്തമായിട്ടില്ല, മൃതദേഹത്തില്‍ യാതൊരു വിധ മുറിപ്പാടുകളില്ല. രണ്ടു പേരെയും ഒരുമിച്ച് എങ്ങിനെ കൊലപ്പെടുത്താനാകും എന്നുള്ളതും പരിശോധിക്കുന്നുണ്ട്. കഴുത്ത് ഞെരിച്ചോ ശ്വാസം മുട്ടിച്ചോ കൊന്നതാകാം എന്നാണ് കരുതുന്നത്.
പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രേഖയുടെ സ്വഭാവത്തിലെ അസ്വാഭാവികതയാണ് പ്രതിയെ ഇത്തരം കൃത്യത്തിന് മുതിരാന്‍ ഇടയാക്കിയതെന്നാണ് സൂചന. ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷനിലും പിന്നീട് വളപ്പട്ടണത്തും പ്രേംകുമാര്‍ എത്തിയതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സുഹൃത്തായ അധ്യാപകനുമായി രേഖയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പ്രതി സംശയിച്ചിരുന്നു. രേഖ തന്നെ ഉപേക്ഷിക്കുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഇരിങ്ങാലക്കുട പടിയൂരില്‍ അമ്മയും മകളും മരിച്ച സംഭവം കൊലപാതകം
യുവതിയുടെ രണ്ടാം ഭര്‍ത്താവിനായി ലുക്കൗട്ട് നോട്ടീസ്
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്തുള്ള വീട്ടില്‍ കാറളം വെള്ളാനി സ്വദേശികളായ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലീസ്. കാറളം വെള്ളാനി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചതോടെ രേഖയുടെ രണ്ടാം ഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒളിവില്‍ പോയ ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മണിയെയും രേഖയെയും പ്രേംകുമാര്‍ കഴുത്തു ഞെരിച്ച് കൊന്നതാകാമെന്നാണു പോലീസ് പറയുന്നത്.
കഴിഞ്ഞ അഞ്ചുമാസമായി മരിച്ച മണിയും, മകള്‍ രേഖയും പടിയൂരില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. ഇവിടെ താമസം തുടങ്ങിയശേഷം രേഖ കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹം കഴിച്ചു. രേഖയുടെ രണ്ടാമത്തെ വിവാഹമാണിത്. പ്രേംകുമാര്‍ രണ്ടുദിവസം മുമ്പുവരെ ഇവിടെയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇയാളെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രേംകുമാറിനെതിരേ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ രേഖ പരാതി നല്‍കിയിരുന്നതായി സഹോദരി സിന്ധു പറഞ്ഞു. തിങ്കളാഴ്ച ഇരുവരെയും വിളിപ്പിച്ച് കൗണ്സിലിംഗിനെത്താന് നിര്‍ദേശം നല്‍കിയിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനില്‍നിന്ന് വീട്ടിലേക്കു മടങ്ങിയശേഷം അമ്മയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് സഹോദരി സിന്ധു പറയുന്നത്. ഇരുവരുടെയും സംസ്കാരം നടത്തി.