മാപ്രാണം വാതില്‍മാടം പ്രദേശത്ത് വെള്ളക്കെട്ട്

മാപ്രാണം വാതില്‍മാടം പ്രദേശത്ത് വീട്ടില്‍ വെള്ളം കയറിയ നിലയില്‍
മാപ്രാണം: ഇരിങ്ങാലക്കുട നഗരസഭ 38ാം വാര്‍ഡിലെ വാതില്‍മാടം പ്രദേശത്ത് വെള്ളക്കെട്ട്. 32 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മഴയില്‍ പ്രദേശത്തുണ്ടാകുന്ന വെള്ളം കാനയിലൂടെ വിട്ട് റോഡിന് കുറുകേ പൈപ്പിട്ടാണ് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. എന്നാല്‍ പൈപ്പില്‍ മാലിന്യം അടിഞ്ഞതുമൂലം വെള്ളം പുറത്തേക്ക് ഒഴുകാതെ വന്നതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത്. പ്രശ്നത്തിന് കാരണം നഗരസഭയുടെ അനാസ്ഥയെന്നാരോപിച്ച് സിപിഎം പ്രതിഷേധിച്ചു.
മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളം ഒഴുക്കി വിടാന്‍ റോഡ് ജെസിബി ഉപയോഗിച്ച് പൊളിക്കണമെന്ന് ആവശ്യമുയര്‍ന്നു. വീടുകളുടെ പടിവരെ വെള്ളം കയറിയിട്ടും പ്രശ്നപരിഹാരത്തിന് യാതൊരു നടപടികളും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് സിപിഎം കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. നിരവധി തവണ മുനിസിപ്പാലിറ്റിയില്‍ ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തി പരാതി നല്കി. എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെ റോഡ് പൊളിക്കുന്നത് ശരിയായ നടപടിയല്ലെന്ന് നഗരസഭ വ്യക്തമാക്കി.
പരാതിയെ തുടര്‍ന്ന് നഗരസഭ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. സമരം നടത്താന്‍ എത്തിയ പ്രവര്‍ത്തകരോട് പ്രദേശവാസികളായ ചിലര്‍ വിഷയത്തില്‍ രാഷ്ട്രിയം ആവശ്യമില്ലെന്നും വെള്ളം ഒഴിഞ്ഞുപോയാല്‍ മതിയെന്നും പറഞ്ഞ് എതിര്‍ക്കുകയായിരുന്നു. എന്നാല്‍, ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുന്ന നഗരസഭ ഭരണത്തോടുള്ള പ്രതിഷേധമാണ് ഈ സമരമെന്ന് സിപിഎം വ്യക്തമാക്കി. സിപിഎം സ്വന്തം നിലയില്‍ പണം കണ്ടെത്തി മോട്ടോറും മറ്റും വാടകയ്ക്കെടുത്ത് വെള്ളം ഒഴുക്കിക്കളയാന്‍ ആരംഭിച്ചു.
സമരം ലോക്കല്‍ സെക്രട്ടറി ആര്.എല്‍. ജീവന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ലേഖാ ഷാജന് അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ സി.സി. ഷിബിന്‍, സി.എം. സാനി, എം.എസ്. സഞ്ജയ്, സിപിഎം നേതാക്കളായ പി.എ. അനീഷ്, കെ.കെ. ദാസന്, കെ.ജെ. ജോണ്സണ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
