ആശാമാരുടെ സമരം പാര്ശ്വവല്കൃത ജനതയുടെ അതിജീവനത്തിന്റെ സമരം എസ്. മൃദുലദേവി

ആശാമാരുടെ സമരം കേവലം ഓണറേറിയം വര്‍ദ്ധനവിന് വേണ്ട സമരമല്ലെന്നും പാര്ശ്വവല്കൃത ജനവിഭാഗങ്ങളുടെ നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടിയുള്ള സമരമാണെന്നും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ എസ്. മൃദുലദേവി.
ഇരിങ്ങാലക്കുട: ആശാമാരുടെ സമരം കേവലം ഓണറേറിയം വര്‍ദ്ധനവിന് വേണ്ട സമരമല്ലെന്നും പാര്ശ്വവല്കൃത ജനവിഭാഗങ്ങളുടെ നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടിയുള്ള സമരമാണെന്നും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ എസ്. മൃദുലദേവി പറഞ്ഞു. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു നയിക്കുന്ന രാപ്പകല്‍ സമര യാത്രക്ക് ഇരിങ്ങാലക്കുട ആല്ത്തറക്കല് നല്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ആശാവര്ക്കേഴ്സില് ഭൂരിപക്ഷവും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങളാണ്. അവരുടെ സമരത്തെ പരിഹസിക്കുന്നതും ഡല്‍ഹിയില്‍ പോയി കേന്ദ്രത്തോട് സമരം ചെയ്യാന്‍ പറയുന്നതും ഇടതുപക്ഷ സര്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നതാണെന്നും അവര്‍ കൂട്ടി ചേര്‍ത്തു. സംഘാടക സമിതി രൂപീകരിച്ചു സമിതി ചെയര്മാന് സി.എസ്. അബ്ദുള്‍ ഖക്ക് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് മുഖ്യ അതിഥിയായിരുന്നു. ആശാമാരുടെ സമരത്തിന് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ പിന്തുണ പ്രഖ്യാപിച്ച അവര്‍ സ്പെഷ്യല്‍ ഓണറേറിയം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. സോണിയ ഗിരി, പി.കെ. കിട്ടന് മാസ്റ്റര്‍, ഐ. ഗോപിനാഥ്, ഡോ. മാര്ട്ടിന് പോള്‍, അഡ്വ. പി.കെ. നാരായണന്, പി.സി. മോഹനന്, എം.എം. കാര്ത്തികേയന് ആശാവര്‍ക്കര്‍ പി.കെ. ഈശ്വരി തുടങ്ങിയവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുടയില്‍ പൗരാവലി നല്കിയ സ്വീകരണത്തിന് ജാഥക്യാപ്റ്റന് എം.എ. ബിന്ദു നന്ദി പറഞ്ഞു.