പോക്സോ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു

ശിവാനന്ദന്.
ഇരിങ്ങാലക്കുട: പ്രായ പൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് വിവിജ സേതുമോഹന് വിധി പ്രസ്താവിച്ചു. 2016 നവംബര്‍ മൂന്നിന് അതിജീവിതയ്ക്കെതിരെ ലൈംഗീകാതിക്രമം നടത്തി പീഢിപ്പിച്ചു എന്നതാണ് കേസിന് ആസ്പദമായ സംഭവം. വരന്തരപ്പിള്ളി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതിയായ വരന്തരപ്പിള്ളി സ്വദേശി കൈതവളപ്പില്‍ വീട്ടില്‍ ശിവാനന്ദന് (54 ) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
പ്രോസിക്യൂഷന് ഭാഗത്തുനിന്നും 12 സാക്ഷികളേയും 19 രേഖകളും ആറ് തൊണ്ടി വസ്തുക്കളും പ്രതിഭാഗത്തുനിന്നും ഒരു സാക്ഷിയേയും ഹാജരാക്കി തെളിവ് നല്‍കിയിരുന്നു. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.ഡി. അന്ന രജിസ്റ്റര്‍ ചെയ്ത് ആദ്യ അന്വേഷണം നടത്തിയ കേസില്‍ ഇന്‍സ്പെക്ടറയിരുന്ന എസ്പി സുധീരന് ആണ് തുടര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി.
ലെയ്സണ്‍ ഓഫീസര്‍ ടി.ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പോക്സോ നിയമപ്രകാരം 10 വര്‍ഷത്തെ കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ മൂന്ന് മാസത്തെ കഠിന തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും കൂടാതെ, അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നല്കാന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കുവാനും ഉത്തരവില്‍ വ്യവസ്ഥയുണ്ട്.