അമൃത് ഭാരത് പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആയിട്ടുണ്ട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് കേന്ദ്രമന്ത്രി സുരേഷ്ഗോപി സന്ദര്‍ശിക്കുന്നു.
ഇരിങ്ങാലക്കുട: അമൃത് ഭാരത് പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പത്ത് ദിവസം മുമ്പ് തിരുവനന്തപുരത്ത് നടന്ന കോണ്‍ഫറന്‍സില്‍ ഇത് സംബന്ധിച്ച ഉറപ്പ് ഉന്നത റെയില്‍വേ അധികാരികളില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്നും റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ച ശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷങ്ങളായി സ്റ്റേഷന് അവഗണന നേരിട്ട് കൊണ്ടിരിക്കുകയാണെന്ന കാര്യം വിസ്മരിക്കരുത്.
കോവിഡ് കാലത്ത് നിറുത്തലാക്കിയ സ്റ്റോപ്പുകളില്‍ രണ്ടെണ്ണം പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സ്റ്റേഷന് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പുറകിലാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കാള്‍ ഉപരിയായി സ്റ്റേഷന്റെ ഘടന തന്നെ മാറ്റുന്ന തലത്തിലുള്ള വിപുലമായ മാറ്റമാണ് ഉദ്ദേശിക്കുന്നത്. അതേ സമയം ഒരു ട്രാക്ക് എങ്കിലും കൂടുതലായി വരാതെ കൂടുതല്‍ ട്രെയിനുകളും സ്റ്റോപ്പുകളും സാധ്യമാകില്ലെന്നും ഇതിനായി ഭൂമി എറ്റെടുത്ത് നല്കാന് മന്ത്രി ബിന്ദു ഉള്‍പ്പെടുന്ന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്, റെയില്‍വേ സ്റ്റേഷന് വികസന സമിതി ഭാരവാഹികള്‍, ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍, മണ്ഡലം ഭാരവാഹികള്‍, റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍, സ്റ്റേഷന് ജീവനക്കാര്‍ എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു. അതേ സമയം മന്ത്രിയുടെ സന്ദര്‍ശനം പ്രഹസനമായെന്നും കൃത്യമായ ഒരു ഉറപ്പും ലഭിച്ചില്ലെന്നും ആവശ്യങ്ങള്‍ നേടി എടുക്കുന്നത് വരെ സമരം തുടരുമെന്നും സ്റ്റേഷന് പുറത്ത് നടത്തിയ പ്രതിഷേധസമരത്തില്‍ റെയില്‍വേ സ്റ്റേഷന് വികസന സമിതി അറിയിച്ചു.
