ഇരിങ്ങാലക്കുട നഗരസഭ തളിയക്കോണം ബാപ്പുജി സ്മാരക സ്റ്റേഡിയം

നവീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ച ഇരിങ്ങാലക്കുട നഗരസഭ തളിയക്കോണം ബാപ്പുജി സ്മാരക സ്റ്റേഡിയം.
രണ്ടുവര്‍ഷം; എങ്ങുമെത്താതെ നവീകരണം
ഇരിങ്ങാലക്കുട: സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെ അധീനതയിലുള്ള തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന്റെ നിര്‍മാണം നിലച്ചു. രണ്ടുവര്‍ഷം പിന്നിട്ടിട്ടും ഇതുവരെയും സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഇരിങ്ങാലക്കുട നഗരസഭ 38-ാം വാര്‍ഡിലാണ് തളിയക്കോണം ബാപ്പുജി സ്മാരക സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. എന്നാല്‍, സ്റ്റേഡിയം നവീകരിക്കാന്‍ സ്പോര്‍ട്സ് ഫൗണ്ടേഷന് ഏറ്റെടുത്തെങ്കിലും ഇതുവരെയും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. സമഗ്ര കായികവികസനമെന്ന ലക്ഷ്യം കൈവരിക്കാന്‍ സ്റ്റേഡിയം ഉന്നതനിലവാരത്തിലാക്കുന്നതിനുള്ള നവീകരണപ്രവൃത്തികള്‍ 2023 മാര്‍ച്ച് 25-ന് മന്ത്രി ആര്. ബിന്ദുവാണ് ഉദ്ഘാടനം ചെയ്തത്. രണ്ടേക്കര്‍ ആറു സെന്റ് സ്ഥലത്തായി സ്ഥിതിചെയ്യുന്ന സ്റ്റേഡിയത്തിന് സംരക്ഷണഭിത്തിനിര്‍മാണം, മഡ്കോര്ട്ട് ഒരുക്കുക എന്നിവയാണ് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് നടത്തുന്നത്.

ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്റ്റേഡിയം നവീകരണത്തിനായി കേരള സ്പോര്‍ട്സ് ഫൗണ്ടേഷന് കൈമാറുകയായിരുന്നു. 70 ലക്ഷം രൂപയുടെ പ്രവൃത്തികളില്‍ 40 ലക്ഷത്തിലേറെ രൂപയുടെ പണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഗ്രൗണ്ട് മണ്ണിട്ട് നിരപ്പാക്കുന്ന പ്രവൃത്തികളാണ് ചെയ്തുവന്നിരുന്നത്. എന്നാല്‍, മഴ വന്നതോടെ ഇത് നിലച്ചു. ഗ്രൗണ്ടിന്റെ പലയിടത്തായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് പിന്‍വശത്തുള്ള ആറു വീടുകളിലേക്ക് ഒലിച്ചിറങ്ങുകയാണ്. സ്പോര്‍ട്സ് ഫൗണ്ടേഷന് ഗ്രൗണ്ട് കൈമാറിയതിനാല്‍ നഗരസഭയ്ക്ക് ഇപ്പോള്‍ ഇവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതിനാല്‍ എത്രയും വേഗം സമീപത്തെ വീടുകളിലേക്കുള്ള നീരൊഴുക്ക് തടയുകയും മഴ മാറുന്നതോടെ നവീകരണം പൂര്‍ത്തിയാക്കി യുവജനങ്ങള്‍ക്ക് കളിസ്ഥലം കൈമാറുകയും വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.