ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി, വരുമാനം ഉണ്ടെങ്കിലും ജീവനക്കാരില്ല

ഇരിങ്ങാലക്കുട കെഎസ് ആര്‍ടിസി സെന്റര്‍.
കാഷ് കൗണ്ടറില്‍ ആളില്ല; സെന്റര്‍ പ്രവര്‍ത്തനം അവതാളത്തില്‍
രണ്ട് താല്‍ക്കാലിക ജീവനക്കാരെ ഫോണിലൂടെ പിരിച്ചുവിട്ടു
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസി സെന്ററില്‍ കാഷ് കൗണ്ടര്‍ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ കൗണ്ടര്‍ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച നിലയില്‍. കാലങ്ങളായി ജീവനക്കാരുടെ എണ്ണത്തില്‍ കുറവുള്ള ഇരിങ്ങാലക്കുട സെന്ററിലെ കാഷ് കൗണ്ടറിലെ രണ്ട് ജീവനക്കാരെയും പിരിച്ചുവിട്ടതോടെയാണ് പ്രവര്‍ത്തനം അവതാളത്തിലായത്. ഇടിഎം ഇഷ്യൂ ചെയ്യാനും ടിക്കറ്റ് കളക്ഷനും കണക്കുകള്‍ നോക്കാനും രണ്ട് താല്‍ക്കാലിക ജീവനക്കാരാണ് ഉണ്ടായിരുന്നത്. രണ്ടാഴ്ച മുന്‍പാണ് ഒഴിവാക്കിയത്. ഫോണില്‍ വിളിച്ച് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. സര്‍വീസുകള്‍ കുറഞ്ഞതിനാല്‍ കൂടുതല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് കാഷ് കൗണ്ടറിലെ രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടത്.
18 വര്‍ഷമായി ഇരുവരും ഇവിടെ ജോലി ചെയ്യുന്നു. തിരുവനന്തപുരത്തുനിന്ന് ഫോണില്‍ തൃശൂര്‍ ഡിപ്പോയിലറിയിച്ച്, അവിടെനിന്ന് ചാലക്കുടി ഡിപ്പോയിലറിയിക്കുകയായിരുന്നു. ഇരിങ്ങാലക്കുട സെന്റര്‍ ചാലക്കുടി ഡിപ്പോയ്ക്കു കീഴിലാണ്. ഏകദേശം 3,25,000 രൂപയാണ് ഇവിടെ ദിവസ വരുമാനം. മംഗളൂരു കോയമ്പത്തൂര്‍ ഇന്റര്‍ സ്റ്റേറ്റ് സര്‍വീസ്, ഫാസ്റ്റ് പാസഞ്ചര്‍, ഗ്രാമവണ്ടി ഉള്‍പ്പടെ 16 സര്‍വീസുകളാണ് പത്ത് വര്‍ഷമായി ഇവിടെ നിന്നുള്ളത്. നേരത്തേ 28 സര്വീസുകള്വരെയുണ്ടായിരുന്നു. ദിവസവും പുലര്‍ച്ചെ 1.30 വരെ ബസുകള്‍ സര്‍വീസ് കഴിഞ്ഞ് എത്തുകയും പുലര്‍ച്ചെ 4.55 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്യുന്ന സെന്ററില്‍ കാഷ് കൗണ്ടര്‍ ജീവനക്കാര്‍ ഇല്ലാത്തായതോടെ മറ്റു ജീവനക്കാര്‍ ഓവര്ടൈമിലാണ് ഈ ജോലി ചെയ്യുന്നത്. ജില്ലയില്‍ മന്ത്രിയുടെ മണ്ഡലമായിട്ടും ജീവനക്കാരെ വെട്ടിക്കുറച്ചു.
കൊടുങ്ങല്ലൂര്‍ ചാലക്കുടി, ഗുരുവായൂര്‍ സെന്ററുകളിലൊന്നും ഇത്തരം നടപടിയുണ്ടായിട്ടില്ല. 32 ഡ്രൈവര്‍മാരും 32 കണ്ടക്ടര്‍മാരും വേണ്ട സെന്ററില്‍ 20 കണ്ടക്ടര്‍മാരും 21 ഡ്രൈവര്‍മാരും മാത്രമാണുള്ളത്. ജീവനക്കാര്‍ കൂടുതല്‍ ഡ്യൂട്ടി എടുത്താണ് പല റൂട്ടിലും മുങ്ങാതെ സര്‍വീസ് നടത്തുന്നത്. ജീവനക്കാര്‍ കുറഞ്ഞതോടെ ബജറ്റ് ടൂറിസം പോലുള്ള സര്‍വീസുകള്‍ നിലച്ചിട്ട് ഏറെ നാളായി. ഉടന്‍ ആരംഭിക്കാനിരുന്ന പടിയൂര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി സര്‍വീസ് ജീവനക്കാരുടെ കുവുമൂലം തുടങ്ങിട്ടില്ല. അടുത്ത മാസം പകുതിയോടെ ആരംഭിക്കാനിരിക്കുന്ന നാലമ്പലം സര്‍വീസും അനിശ്ചിതത്വത്തിലാണ്. ആവശ്യത്തിന് ഡ്രൈവര്‍മാരോ കണ്ടക്ടര്‍മാരോ ഇല്ലാത്തതിനാലാണ് പല സര്‍വീസുകളും വെട്ടിച്ചുരുക്കിയത്. നിലവില്‍ സെന്ററില്‍ അഞ്ച് ഡ്രൈവര്‍മാരുടെയും അഞ്ച് കണ്ടക്ടര്‍മാരുടെയും കുറവുണ്ട്.
ഇരിങ്ങാലക്കുടയില്‍നിന്ന് സര്‍വീസ് കുറവാണെന്ന് പറയുന്ന വകുപ്പുമന്ത്രിയും കെഎസ്ആര്‍ടിസിയും ഇവിടേക്ക് ആവശ്യത്തിന് ജീവനക്കാരെ നല്‍കുന്നില്ലെന്നു മാത്രമല്ല, ഉള്ള ജീവനക്കാരെ പിന്‍വലിക്കുകയാണെന്നാണ് ആരോപണം. ജീവനക്കാരെ അനുവദിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഗുരുവായൂരില്‍നിന്ന് ആറു ഡ്രൈവര്‍മാരെയും നാല് കണ്ടക്ടര്‍മാരെയും ഇരിങ്ങാലക്കുടയിലേക്ക് മാറ്റിയിരുന്നെങ്കിലും കാരണമില്ലാതെ അവരെ പിന്‍വലിച്ചു. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററിലേക്ക് ആവശ്യത്തിന് ജീവനക്കാരെയും സര്‍വീസുകളും അനുവദിക്കാതെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇക്കാര്യത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ആര്. ബിന്ദു അടക്കമുള്ളവര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.